Connect with us

Gulf

ഓണസദ്യ: ദുബായിലെ ഹോട്ടലുകള്‍ ഒരുങ്ങി

Published

|

Last Updated

അബുദാബി: ഓണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കവെ ഓണ സദ്യ വിളമ്പുന്നതിന് ഹോട്ടലുകള്‍ ഒരുങ്ങിക്കഴിഞ്ഞു. 18 കൂട്ടം കറികളും ഉപ്പേരിയും അവിയലും മൂന്ന് തരം പായസവും കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യ വിളമ്പുന്നതിന് അബുദാബിയിലെ മലയാളികളുടെ നിയന്ത്രണത്തിലുള്ള വിവിധ ഹോട്ടലുകള്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

ഓണ സദ്യ ഒരുക്കുന്നതിന് ചില ഹോട്ടലുകള്‍ നാട്ടില്‍ നിന്ന് ദേഹണ്ണക്കാരെ സന്ദര്‍ശക വിസയില്‍ കൊണ്ടുവന്നിട്ടുണ്ട്. വിവിധ ഹോട്ടലുകള്‍ വിവിധ തരത്തിലാണ് വില ഈടാക്കുന്നത്. 25 ദിര്‍ഹം മുതല്‍ അമ്പത് ദിര്‍ഹം വരെയാണ് വില. വില നിലവാരമനുസരിച്ച് പതിനെട്ട് മുതല്‍ 25 തരം വരെ കറികളാണ് സദ്യക്ക് ഒരുക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ചില ഹോട്ടലുകള്‍ പ്രത്യേകം കിഴിവും അനുവദിച്ചിട്ടുണ്ട്.
ഓണ സദ്യ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍, എന്നിങ്ങനെ പ്രത്യേകം തരംതിരിച്ചും ഒരുക്കുന്നുണ്ട്. തിരുവിതാംകൂര്‍ സദ്യക്കാണ് വില കൂടുതല്‍. വിവിധ ഇനം കറികളുള്ളതാണ് കാരണം. നാല് തരം പായസവുമുണ്ടാകും. ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത് തിരുവിതാംകൂര്‍, കൊച്ചി ഓണ സദ്യക്കാണെന്ന് ഹോട്ടല്‍ നടത്തിപ്പുകാര്‍ വ്യക്തമാക്കി.
സദ്യക്ക് കൂടുതല്‍ വിഭവങ്ങളുള്ളത് കൊണ്ട് ആവശ്യക്കാര്‍ വിലകൂടുതലാകുന്നത് പ്രശ്‌നമാക്കാറില്ലെന്നും ഹോട്ടലുടമകള്‍ പറഞ്ഞു. അബുദാബിയിലെ നിരവധി ഹോട്ടലുകള്‍ ബുക്കിംഗ് തന്നെ നിര്‍ത്തലാക്കി. ഓര്‍ഡര്‍ കൂടിയത് കാരണം പറഞ്ഞ സമയത്ത് സദ്യ നല്‍കാന്‍ കഴിയില്ലെന്ന ആശങ്കയാണ് കാരണം.