ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് വാട്ടര്‍ പാര്‍ക്ക് ദുബൈയില്‍

Posted on: September 5, 2014 6:51 pm | Last updated: September 5, 2014 at 6:51 pm
SHARE

floatingദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് വാട്ടര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന നഗരമെന്ന ബഹുമതി ദുബൈക്ക്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹോട്ടല്‍ സമുച്ഛയം തുടങ്ങിയ നിരവധി ഒന്നാം സ്ഥാനങ്ങള്‍ക്കൊപ്പമാണ് ലോകത്തിലെ ഏറ്റവും വലിയ ഒഴുകി നടക്കുന്ന ജലോദ്യാനമുള്ള നഗരമെന്ന ബഹുമതിയും സ്വന്തമായിരിക്കുന്നത്.
ജുമൈറ ബീച്ച് റെസിഡന്‍സ് മേഖലയില്‍ നിന്നും 150 മീറ്റര്‍ മാറി കടലിലാണ് ഫ്‌ളോട്ടിംഗ് വാട്ടര്‍ പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വാട്ടര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. സ്‌ളൈഡ്‌സ്, ട്രംപോലൈന്‍സ്, ജമ്പിംഗ് കുഷ്യന്‍സ്, ക്ലൈമ്പിംഗ് വാള്‍സ് തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിനോദത്തിന് ഉതകുന്ന ജല കേളികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
55 മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഒഴുകി നടക്കുന്ന രീതിയില്‍ പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഫ്‌ളോട്ടിംഗ് പാര്‍ക്കിന് നേതൃത്വം നല്‍കുന്ന അറേബ്യന്‍ വാട്ടര്‍ പാര്‍ക്‌സ് മാനേജര്‍ ആഞ്ജല സിഡ് വ്യക്തമാക്കി. 150 പേര്‍ക്കാണ് പാര്‍ക്കില്‍ ഒരേ സമയം പ്രവേശിക്കാന്‍ സാധിക്കുക. ലോകത്തില്‍ ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ പാര്‍ക്കാണ് ഇത്. നിര്‍മിതിയിലും സുരക്ഷയിലും ഏറ്റവും മികച്ചതാണ് പാര്‍ക്കെന്നും സ്‌പെയിന്‍ സ്വദേശിയായ അഞ്ജല പറഞ്ഞു. 13 പേരാണ് പാര്‍ക്കിന്റെ സുരക്ഷ സസൂക്ഷ്മം നിരീക്ഷിക്കുന്നത്. കരയില്‍ നിന്നു നീന്തിവേണം പാര്‍ക്കില്‍ എത്താന്‍.
കടല്‍ക്കരയില്‍ സജ്ജമാക്കിയ മാടക്കടയില്‍ നിന്നാണ് ടിക്കറ്റ് വാങ്ങേണ്ടത്. ഇവിടെ നിന്നും റിസ്റ്റ് ബാന്‍ഡ്‌സും ലൈഫ് ജാക്കറ്റും വാങ്ങി വേണം പാര്‍ക്കിലേക്ക് തുഴഞ്ഞു നീങ്ങാന്‍. മണിക്കൂറിന് മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹവും കുട്ടികള്‍ക്ക് 50 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.
ദിവസം മുഴുവന്‍ ചെലവിടാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് 195 ദിര്‍ഹമാണ് ഫീസ്. ഇതുവരെ പാര്‍ക്ക് സന്ദര്‍ശിച്ചവരില്‍ 60 ശതമാനവും മുതിര്‍ന്നവരായിരുന്നു. ആക്ഷന്‍ ടവര്‍, ബാലന്‍സ് ബീം, ബൗണ്‍സര്‍, ബ്രിഡ്ജ്, ക്ലിഫ്, ഡെക്ക്, ഡബിള്‍ റോക്കര്‍, ഫഌപ്പര്‍, റോളര്‍ പോണ്ട്, സ്പിന്നര്‍ തുടങ്ങിയ ജലകേളികളും ഇവിടെയുണ്ട്. യു എ ഇ ലോകത്തിലെ മികച്ച ബീച്ച് ഹോളിഡെ കേന്ദ്രമാണെന്നും ഇവിടെ നിര്‍മിച്ച പാര്‍ക്കിലേക്ക് വിദേശികളും സ്വദേശികളും ഉള്‍പ്പെടെ ധാരാളം പേരാണ് സന്ദര്‍ശകരായി എത്തുന്നതെന്നും അവര്‍ പറഞ്ഞു.