Connect with us

Gulf

എബോള ഭീഷണി നേരിടാന്‍ യു എ ഇ: വിമാനത്താവളങ്ങളില്‍ സജ്ജീകരണം

Published

|

Last Updated

അബുദാബി: അപകടകാരികളായ രോഗങ്ങള്‍ രാജ്യത്തേക്ക് കടന്നുവരുന്നത് തടയാനാവശ്യമായ മുഴുവന്‍ മുന്‍കരുതലുകളും കൈക്കൊണ്ടതായി അധികൃതര്‍. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും സഊദിയുള്‍പ്പെടെയുള്ള ചില അറബ് രാജ്യങ്ങളിലും എബോള പോലെയുള്ള അപകടകാരികളായ രോഗത്തിന്റെ സാന്നിധ്യവും അത് മൂലമുള്ള മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് അധികൃതരുടെ പ്രഖ്യാപനം.
രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും രോഗം കടന്നുവരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുത്തതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിമാനമിറങ്ങി പുറത്ത് വരുന്ന യാത്രക്കാരുടെ ശാരീരിക താപനിലയില്‍ അസാധാരണമായി ഉണ്ടാകുന്ന മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന പ്രത്യേക ക്യാമറകള്‍ കൊണ്ട് മുഴുവനാളുകളെയും നിരീക്ഷിക്കും.
അതേസമയം, രാജ്യത്ത് ഇതുവരെ എബോള വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി. എബോള വൈറസുകള്‍ രാജ്യത്തേക്ക് കടക്കാതിരിക്കാനാവശ്യമായ മുഴുവന്‍ മുന്‍കരുതലുകളും എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
എബോള റിപ്പോര്‍ട്ടു ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്ന് യു എ ഇയിലേക്ക് വരുന്ന വിമാനങ്ങളില്‍ യാത്രക്കാരും ജീവനക്കാരും കയറുന്നതിനു മുമ്പുതന്നെ രോഗമുക്തരാണെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്, സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു.
ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രാലയമുള്‍പ്പെടെയുള്ള വകുപ്പുകളുമായി സിവില്‍ ഏവിയേഷന്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും അല്‍ സുവൈദി അറിയിച്ചു. രാജ്യത്തെ വിമാന കമ്പനികളുടെ മുഴുവന്‍ യാത്രകളും നേരത്തെ നടന്നുവരുന്നതുപോലെതന്നെ മുമ്പോട്ടു പോകുന്നുണ്ട്. എബോള കാരണം ഒന്നുപോലും ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യേണ്ടിവന്നിട്ടില്ലെന്നും അല്‍ സുവൈദി വ്യക്തമാക്കി.
രാജ്യം പൂര്‍ണമായും എബോള മുക്തമാണെന്നും ഒറ്റ കേസുപോലും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുര്‍റഹ്മാന്‍ വ്യക്തമാക്കി.

 

Latest