Connect with us

Gulf

സോനാപൂരില്‍ മാലിന്യക്കൂനക്ക് തീപിടിച്ചു

Published

|

Last Updated

fireദുബൈ: സോനാപൂരില്‍ ദുബൈ നഗരസഭ മാലിന്യം നിക്ഷേപിക്കുന്ന പ്രദേശത്ത് വന്‍ തീപിടുത്തം. ആര്‍ക്കും പരുക്കില്ല. ഒരു കാര്‍ കത്തി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. വന്‍ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് അഗ്നിബാധയുണ്ടായത്. ഈ പ്രദേശത്തിന് സമീപത്തെ സ്ഥാപനങ്ങളില്‍ നിരവധി പേര്‍ ജോലി ചെയ്യവേയായിരുന്നു അത്യാഹിതം സംഭവിച്ചത്. ഇവരെല്ലാം ഉടന്‍ പുറത്തേക്കോടിയതിനാല്‍ രക്ഷപ്പെട്ടു. പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കളായതിനാല്‍ വളരെ വേഗം അഗ്നി പടര്‍ന്നു. ഇതിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിയത്.

ഇവിടെ നിന്നുയര്‍ന്ന കറുത്ത പുക വളരെ അകലേയ്ക്ക് പോലും കാണാമായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസും റാശിദിയ്യ, ഖിസൈസ് എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാലു മണിക്കൂറോളം കഠിന പ്രയത്‌നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ അഗ്നി മറ്റിടങ്ങളിലേയ്ക്ക് പടരാതിരിക്കാനുള്ള ശ്രമം മണിക്കൂറുകളോളം തുടര്‍ന്നു. അഗ്നിബാധയെ തുടര്‍ന്ന് ഈ ഭാഗത്തേയ്ക്കുള്ള ഗതാഗതം അധികൃതര്‍ നിയന്ത്രിച്ചിരുന്നു. ഇതുമൂലം പലയിടത്തും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
തീ പിടുത്തമുണ്ടായ പ്രദേശത്തേക്ക് മതിയായ ഗതാഗത സൗകര്യമില്ലാത്തത് അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കുന്നുകൂടിക്കിടന്ന മണല്‍ ജെ സി ബി ഉപയോഗിച്ച് മാറ്റിയാണ് അഗ്നിശമന സേനയുടെ വാഹനങ്ങള്‍ പ്രദേശത്തേക്ക് എത്തിച്ചത്. ഇതിനിടെ ചില വാഹനങ്ങള്‍ മണലില്‍ പൂണ്ടത് തീ അണക്കുന്നത് താമസിക്കാന്‍ കാരണമായതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 

Latest