Connect with us

Gulf

റാസല്‍ ഖൈമ സ്‌കൂള്‍ ക്യാന്റീനുകള്‍ 50 ശതമാനം വരെ വില കുറച്ചു

Published

|

Last Updated

റാസല്‍ ഖൈമ: സ്‌കൂളുകളിലെ ക്യാന്റീനുകള്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് 35 മുതല്‍ 50 ശതമാനം വരെ വില കുറച്ചു. റാസല്‍ ഖൈമ സ്‌കൂള്‍ സോണിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവരും സ്‌കൂള്‍ സോണ്‍ അധികൃതരും തമ്മില്‍ നടത്തിയ അടിയന്തിര ചര്‍ച്ചയിലാണ് വിഷയത്തില്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
പലക്യാന്റീനുകളിലും അമിതമായ ചാര്‍ജാണ് ഈടാക്കുന്നതെന്ന് എമിറേറ്റിലെ വിദ്യാലയങ്ങളെ നിയന്ത്രിക്കുന്ന റാസല്‍ ഖൈമ സ്‌കൂള്‍ സോണ്‍ അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിതരണക്കാരുടെ യോഗം വിളിച്ചത്.
സാന്‍ഡ്‌വിച്ചുകള്‍ക്ക് ഇനി മുതല്‍ രണ്ടു ദിര്‍ഹം നല്‍കിയാല്‍ മതിയാവും. ഇതുവരെ മൂന്നു ദിര്‍ഹമായിരുന്നു. ചെറിയ കുപ്പി പാലിന് രണ്ടു ദിര്‍ഹത്തിന് പകരം ഇനി ഒരു ദിര്‍ഹം മതി. ഭക്ഷ്യവസ്തുക്കളുടെ അമിത വിലയെക്കുറിച്ച് കുട്ടികളും പരാതിപ്പെട്ടിരുന്നു.
വടക്കന്‍ എമിറേറ്റുകളിലെ സ്‌കൂള്‍ ക്യാന്റീനുകളിലെല്ലാം ഇനി ഏകീകൃത വിലയായിരിക്കും ഭക്ഷ്യവസ്തുക്കള്‍ക്കെന്ന് എജ്യുക്കേഷന്‍ സോണ്‍ ഡയറക്ടര്‍ സുമയ്യ അബ്ദുല്ല അല്‍ സുവൈദി വ്യക്തമാക്കി.

 

Latest