Connect with us

National

ക്ഷേത്രസ്വത്ത്: അമിക്കസ് ക്യൂറിയായി തുടരാമെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

Published

|

Last Updated

ന്യൂഡല്‍ഹി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്ര സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറിയായി തുടരാമെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. സുപ്രീം കോടതിയുടെ അഭ്യര്‍ഥന മാനിച്ചാണ് താന്‍ തുടരാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഗോപാല്‍ സുബ്രഹ്മണ്യം നാളെ തിരുവനന്തപുരത്ത് എത്തും. കേസുമായി ബന്ധപ്പെട്ട് തിരിച്ചേല്‍പ്പിച്ച ഫയലുകള്‍ അദ്ദേഹം തിരിച്ചുവാങ്ങിയിട്ടുണ്ട്.

ജഡ്ജി നിയമന വിവാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ ക്ഷേത്ര സ്വത്ത് കേസില്‍ ഇനി ഹാജരാകാനാകില്ലെന്ന് കാണിച്ചാണ് കഴിഞ്ഞ മാസം തുടക്കത്തില്‍ ഗോപാല്‍ സുബ്രഹ്മണ്യം പിന്മാറിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള കൊളീജിയം ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജി സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇത് തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ലോധ വിരമിക്കും വരെ കോടതിയില്‍ ഹാജരാകില്ലെന്നായിരുന്നു സുബ്രഹ്മണ്യത്തിന്റെ നിലപാട്.

തുടര്‍ന്ന് കഴിഞ്ഞ മാസം ആറിന് ഗോപാല്‍ സുബ്രഹ്മണ്യം തീരുമാനം പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

Latest