Connect with us

Articles

അധ്യാപകന്റെ ദൗത്യം

Published

|

Last Updated

ആന്ധ്രയിലെ തിരുത്തണി ഗ്രാമത്തില്‍ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിയ വിദ്യാഭ്യാസ വിചക്ഷണനും ദാര്‍ശനികനുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ച് അധ്യാപക ദിനമായി 1962 മുതല്‍ ആചരിച്ചുപോരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു അധ്യാപകരെ ഠവല ടീരശമഹ ഋിഴശിലലൃ (സമൂഹ ശില്‍പി) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം പറയുന്നത് ഠവല ടീംലൃ ീള ഴീീറില ൈശി വൗാമി ാശിറ (മനുഷ്യ മനസ്സില്‍ നന്മയുടെ വിത്ത് പാകുന്നവര്‍) എന്നാണ്.
“ഗുരു” എന്ന വാക്കിന് “ഇരുളകറ്റുന്നവന്‍” എന്നാണര്‍ഥം. വിദ്യാര്‍ഥികളുടെ മനസ്സിലെ അജ്ഞതയാകുന്ന ഇരുളിനെ മാറ്റി വിജ്ഞാനമാകുന്ന വെളിച്ചം നിറക്കുന്ന വ്യക്തിയാണ് അധ്യാപകന്‍. കുട്ടികളില്‍ വിജ്ഞാനവും വിവേകവും വളര്‍ത്തി ബുദ്ധിയും ഹൃദയവും വികസിപ്പിച്ച് മനുഷ്യനെ രൂപപ്പെടുത്തുക എന്ന ധര്‍മമാണ് അധ്യാപകന്‍ നിര്‍വഹിക്കുന്നത്.
ഗുരുവിന്റെ ജീവിതത്തിന്റെ അര്‍ഥവും പ്രതീക്ഷയും മോഹവും മോഹഭംഗങ്ങളും സന്തോഷവും സന്താപവും മാത്രമല്ല, ഗുരുവിന്റെ വാക്കും നോട്ടവും നടപ്പും ഇരിപ്പും വേഷവിധാനവും ശിഷ്യരെ സ്വാധീനിക്കും. കുട്ടികളുടെ മുന്നില്‍ അബദ്ധത്തില്‍ പോലും ദുര്‍മാതൃകയായി അധ്യാപകന്‍ പ്രത്യക്ഷപ്പെടരുത്. തെറ്റായ സന്ദേശങ്ങളും അവര്‍ക്ക് നല്‍കരുത്. നനഞ്ഞ സിമന്റിന് സമാനമാണ് അവരുടെ മനസ്സ്. അവിടെ പതിയുന്ന മുദ്രകള്‍ കാലങ്ങളോളം നിലനില്‍ക്കും. അതിനാല്‍ ഏറ്റവും കരുതലോടെ നിര്‍വഹിക്കപ്പെടേണ്ടതാണ് അധ്യാപനം.
ഹൃദയം ഹൃദയത്തോടു സംവദിക്കുന്ന സ്‌നേഹത്തിന്റെ മന്ത്രസ്വരം അധ്യാപകനില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കണം. വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകാനും അവരുടെ ജീവിതവഴികളില്‍ ദിശാസൂചകങ്ങള്‍ ആകാനും അധ്യാപകന് കഴിയുമ്പോഴേ അധ്യാപനത്തിന്റെ വിശുദ്ധി പൂര്‍ണത കൈവരിക്കുകയുള്ളൂ.
അധ്യാപനം സ്‌നേഹത്തിന്റെ പ്രകാശനമാകണം. സ്‌നേഹിക്കുന്ന അധ്യാപകന്‍ പഠിപ്പിക്കുന്ന വിഷയമാണ് കുട്ടികള്‍ എളുപ്പം ഗ്രഹിക്കുക. ആ വിഷയത്തിനാണ് കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കുക. സ്‌നേഹവും സഹാനുഭൂതിയുമാണ് അധ്യാപകന് വേണ്ട പ്രഥമ ഗുണം. കുട്ടികളെ പ്രചോദിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, അവരെ ആകര്‍ഷിക്കുക, ആശ്ചര്യപ്പെടുത്തുക, പുതുമ മങ്ങാതെ പഠിപ്പിക്കുക, മാര്‍ഗദര്‍ശനം നടത്തുക, ദിശാബോധം പകരുക ഇതാണ് അധ്യാപനത്തില്‍ സംഭവിക്കേണ്ടത്.
അധ്യാപനം അഞ്ച് തരം കടമകളുടെ നിറവേറ്റലാണ്. ഒന്നാമതായി കുട്ടികളെ സ്‌നേഹിക്കുക. രണ്ടാമതായി കുട്ടികളെ സ്‌നേഹിക്കുക. മൂന്നാമതായും കുട്ടികളെ സ്‌നേഹിക്കുക. നാല്, അവരെ പ്രചോദിപ്പിക്കുക. അഞ്ചാമതായി കുട്ടികളെ പഠിപ്പിക്കുക. മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്‌നേഹമേറ്റു വളരുന്ന കുട്ടികളാണ് സല്‍സ്വഭാവികളാകുക. അവര്‍ നാടിന് മുതല്‍ക്കൂട്ടായി മാറും.
അധ്യാപകന്‍ ജീവിത വിശുദ്ധിയുടെ തിളങ്ങുന്ന താരമാകണം. വിജ്ഞാനത്തിന്റെ നിറദീപമാകണം. സ്‌നേഹത്തിന്റെ നിറകുടമാകണം. നേര്‍വഴി നടത്താന്‍ കഴിയുന്ന ആത്മബന്ധത്തിന്റെ കേദാരമാകണം. അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ഥതയുടെയും വിളനിലമാകണം. അതിരുകളില്ലാത്ത സ്വപ്‌നങ്ങളുടെ വില്‍പ്പനക്കാരനാകണം. ശിഷ്യര്‍ക്ക് നെഞ്ചിലേറ്റി ലാളിക്കാന്‍ കഴിയുന്ന മാതൃകയാകണം. അപ്പോള്‍ മാത്രമേ വിദ്യാഭ്യാസലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.
വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യം സ്വഭാവഗുണമാണെന്നും സ്വഭാവഗുണം ആര്‍ജിക്കാത്ത വിദ്യാഭ്യാസം ആപത്കരവും ഉപയോഗശൂന്യവുമാണെന്നും ഡോ. എസ് രാധാകൃഷ്ണന്‍ പറഞ്ഞുവെക്കുന്നു. ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡി എസ് കോത്താരി 1966ല്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ തുടക്കം ഇങ്ങനെയായിരുന്നു. “ഒരു രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത് ക്ലാസ് മുറികളിലൂടെയാണ്”. അത്ര കരുതലോടെ, കരുത്തോടെ അധ്യാപനം നിര്‍വഹിക്കപ്പെടണം.
ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ യുനെസ്‌കോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ സേവനത്തിന്റെ നാല് നെടും തൂണുകളായി അവതരിപ്പിക്കുന്നു. 1. അറിയാന്‍ പഠിക്കുക. 2. ചെയ്യാന്‍ പഠിക്കുക. 3. താനാകാന്‍ പഠിക്കുക. 4. സഹവസിക്കുന്നതിന് പഠിക്കുക. സമഗ്രതയാര്‍ന്ന വ്യക്തിത്വത്തിന്റെ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ കരഗതമാകേണ്ടത്.
ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക, ബൗദ്ധിക, കായിക, സാംസ്‌കാരിക, ആത്മീയ മുന്നേറ്റത്തിന് നിദാനം അവിടുത്തെ അധ്യാപക സമൂഹമാണ്. എങ്കില്‍ മാത്രമേ ശുദ്ധിയുള്ള ഒരു സാംസ്‌കാരിക ധാര രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
പഠിതാവ്, പഠനപ്രക്രിയ, പഠന സാഹചര്യം ഇവ മൂന്നും വിദ്യാഭ്യാസത്തില്‍ പ്രധാനമാണ്. വിദ്യാര്‍ഥിയില്‍ വന്നുചേരേണ്ട പരിവര്‍ത്തനമാണ് വിദ്യാഭ്യാസം. വിദ്യാര്‍ഥിയെ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണത്. അധ്യാപകന്‍ ശില്‍പ്പിയാണ്. ശില്‍പ്പം വാര്‍ത്തെടുക്കുമ്പോള്‍ വിഷവിത്തുകള്‍ വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക.

Latest