Connect with us

Palakkad

ആലത്തൂര്‍ ചിപ്‌സിന് പൊള്ളുന്ന വില

Published

|

Last Updated

ആലത്തൂര്‍: ഓണ വിപണിയില്‍ ചിപ്‌സിന് പ്രിയമേറിയതോടെ ആലത്തൂര്‍ ചിപ്‌സിന് പൊള്ളുന്ന വില. ഓണമടുത്തതോടെ സംസ്ഥാനത്തിനകത്തും പുറത്തേക്കും ആലത്തൂര്‍ ചിപ്‌സിന് ആവശ്യക്കാരേറിയതാണ് വിലവര്‍ധനക്ക് പ്രധാനകാരണം.
കായ വറുക്കുന്ന പ്രത്യേകതയാണ് ആലത്തൂര്‍ ചിപ്‌സ് ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്. നാടന്‍ നേന്ത്രക്കായയും വെളിച്ചെണ്ണയും ഉപയോഗിച്ചാണ് ചിപ്‌സ് വ്യാപാരികള്‍ കായ വറുത്തെടുക്കുന്നത്. മറുനാടന്‍ മലയാളികള്‍ക്കും ശബരിമല ദര്‍ശനത്തിനു വരുന്ന ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ആലത്തൂര്‍ ചിപ്‌സ് ഏറെ പ്രിയമാണ്. ഇത്തവണ നേന്ത്രക്കായയുടെ വില കഴിഞ്ഞ ഓണക്കാലത്തുനിന്ന് മുന്ന് മടങ്ങായി വര്‍ധിച്ചു. വെളിച്ചെണ്ണ കിലോക്ക് 180 രൂപയായി കുത്തനെ ഉയര്‍ന്നു. പാചകവാതക വിലയും കുത്തനെ കൂടി.
ഇതോടെ ചിപ്‌സിന് വിലകൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ മാര്‍ഗ്ഗമില്ലാതായി. ചിപ്‌സിന് കിലോക്ക് 340 രൂപയാണ് വില. എന്നാല്‍ അത് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ശര്‍ക്കര വറുത്തുപ്പേരിക്ക് 280 രൂപയും നാലുമുറി ചിപ്‌സിന് 360 രൂപയുമാണ് വില. പ്രധാനമായും തൃശൂര്‍ ജില്ലയിലെ തൊട്ടിപ്പാള്‍, ആമ്പല്ലൂര്‍, പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് നാടന്‍ നേന്ത്രക്കായ ആലത്തൂരിലേക്ക് എത്തുന്നത്. കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍, ആര്‍.വി പുതൂര്‍, നടുപ്പുണ്ണി, എല്ലപേട്ടന്‍ കോവില്‍, വില്ലൂന്നി പ്രദേശങ്ങളില്‍ നിന്നും ഓണവിപണി പ്രതീക്ഷിച്ച് കായ എത്തുന്നുണ്ട്.
ഓണ വിപണിയില്‍ തിരക്കേറിയതോടെ വിലവര്‍ധന താങ്ങാനാവാത്ത സ്ഥിതിയിലാണ് ആവശ്യക്കാര്‍. എന്നാല്‍ കടുത്ത വിലക്കയറ്റത്തിലും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് കൃത്രിമം കൂടാതെ വി”വങ്ങള്‍ സാധാരണക്കാരിലെത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍. തങ്ങളുടെ പരമ്പരാഗത കച്ചവടമെന്ന നിലയില്‍ ആലത്തൂരിലെ വ്യാപാരികള്‍ ചിപ്‌സ് വ്യാപാരം തുടരുകയാണ്.

Latest