ചെലവിനുള്ള പണം കരുതി; ഓണപ്പുടവയുടുത്ത് അന്ത്യയാത്ര

Posted on: September 5, 2014 8:49 am | Last updated: September 5, 2014 at 8:49 am
SHARE

ONAMകോഴിക്കോട്: മകളുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദമ്പതിമാര്‍ വിടവാങ്ങിയത് മരണാനന്തര കര്‍മങ്ങള്‍ക്കുള്ള സാമഗ്രികളും ചെലവിനുള്ള പണവും കരുതിവെച്ച ശേഷം. മെഡിക്കല്‍ കോളജിനടുത്ത് മായനാട് പട്ടേരി ശ്രീലക്ഷ്മിയില്‍ ഉത്താനപാദനും ഭാര്യ സുമതിയുമാണ് എല്ലാം ഉറപ്പിച്ച് ആത്മഹത്യ ചെയ്തത്. ഏക മകള്‍ പതിനാല് വയസ്സുകാരി ശ്രീലക്ഷ്മി കഴിഞ്ഞ ഒമ്പത് മാസം മുമ്പെയാണ് ഇവരെ വിട്ടു പിരിഞ്ഞത്. ലുക്കീമിയ ബാധിച്ച് രണ്ട് വര്‍ഷത്തോളം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഭാരിച്ച ചെലവ് വന്ന ചികിത്സക്ക് നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധി പേര്‍ സഹായിച്ചത് സംബന്ധിച്ച എഴുത്ത് മൃതദേഹത്തിനരികെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സഹായിച്ചവരുടെ ലിസ്റ്റും നന്ദി വാക്കും കുറിച്ചുവെച്ചതിന് പുറമെ, മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി ഇരുപതിനായിരം രൂപയും മേശപ്പുറത്ത് വെച്ചിട്ടുണ്ട്. കൂടാതെ, തങ്ങളുടെ മരണ ശേഷം അനാഥമായ വീടിന്റെയും പുരയിടത്തിന്റെയും അവകാശികളെയും സംബന്ധിച്ച എഴുത്തും വീട്ടില്‍ നിന്ന് കണ്ടെത്തി.
മായനാട് കളരി ബസ് സ്റ്റോപ്പിനടുത്ത റോഡ് സൈഡിലെ പട്ടേരി വീട്ടില്‍ ദമ്പതിമാരുടെ മരണം ഈ പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തി. ഏക മകള്‍ മരിച്ച ദുഃഖം ഇവര്‍ അയല്‍വാസികളോടും മറ്റും പങ്കുവെക്കാറുണ്ടായിരുന്നു. പലരും ആശ്വാസ വാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിച്ചിരുന്നുവെങ്കിലും അതിനൊന്നും ഫലമില്ലാത്ത രൂപത്തില്‍ ഇവര്‍ മരണത്തെ തിരഞ്ഞെടുത്തത് പലരേയും ഞെട്ടിച്ചു.
സഹോദരിയുടെ മകന്‍ ദീപകിനോട് കുടുംബ സ്വത്ത് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് രാവിലെ വീട്ടിലേക്ക് വരാനായി ഉത്തനാപാദന്‍ പറഞ്ഞത്. എന്നാല്‍, രാവിലെ വീട്ടിലെത്തിയ ഇയാള്‍ക്ക് ഓണപ്പുടവയുടുത്ത് ദമ്പതിമാര്‍ ആത്മഹത്യചെയ്ത ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാനായത്. മൃതദേഹങ്ങള്‍ മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു.