സ്‌കൂള്‍ ഇ മെയില്‍ വിലാസത്തില്‍ നിന്ന് പ്രധാനമന്ത്രിയെ അവഹേളിച്ച് സന്ദേശം: വിദ്യാര്‍ഥികള്‍ പിടിയില്‍

Posted on: September 5, 2014 8:44 am | Last updated: September 5, 2014 at 8:44 am
SHARE

gmail1താമരശ്ശേരി: സ്‌കൂളിന്റെ ഇ മെയില്‍ വിലാസത്തില്‍ നിന്നും പ്രധാനമന്ത്രിയെ അവഹേളിച്ച് സന്ദേശം അയച്ച സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ പോലീസ് പിടിയില്‍. കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് താമരശ്ശേരി സി ഐ. എം ഡി സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തത്. അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കേള്‍പ്പിക്കണമെന്ന ഡി പി ഐ യുടെ സര്‍ക്കുലറിന്റെ മറുപടിയായാണ് കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്‌കൂളിന്റെ ഇ മെയിലില്‍നിന്ന് അശ്ലീല സന്ദേശം അയച്ചത്. താമരശ്ശേരി വിദ്യാസ ജില്ലാ ഓഫീസിലേക്കും വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളിലേക്കും സന്ദേശം എത്തിയിരുന്നു. ഇ മെയിലിലെ റിപ്ലെ ടു ആള്‍ എന്ന ഒപ്ഷന്‍ ഉപയോഗിച്ചാണ് സന്ദേശം അയച്ചത്. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന വിധത്തിലുള്ള ഒരു സന്ദേശവും അശ്ലീല രൂപത്തിലുള്ള ഓണാശംസയുമായുള്ള മറ്റൊരു സന്ദേശവുമാണ് സ്‌കൂളിന്റെ ഇ മെയിലില്‍ നിന്നും അയച്ചത്. പ്രധാനാധ്യാപകന്റെ പരാതിയില്‍ ഐ ടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച താമരശ്ശേരി സി ഐ. എം ഡി സുനില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കോടഞ്ചേരി അമ്പാട്ടുപടി സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷ്ടിച്ച് വീട്ടിലെത്തിച്ച് വീട്ടിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഞായറാഴ്ച സന്ദേശം അയക്കുകയായിരുന്നുവെന്ന് സി ഐ പറഞ്ഞു. പ്രവര്‍ത്തന രഹിതമായതിനാല്‍ മാറ്റിവെച്ച ലാപ്‌ടോപ്പ് പകരം വെച്ചാണ് സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷ്ടിച്ചത്. ഇരുവരെയും ഇന്ന് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.