യു എസ് ഓപണ്‍: മുറെയെ കീഴടക്കി ജൊകോവിച് സെമിയില്‍

Posted on: September 5, 2014 12:53 am | Last updated: September 5, 2014 at 12:53 am
SHARE

novak-djokovicന്യൂയോര്‍ക്ക്: തുടര്‍ച്ചയായി എട്ടാം വര്‍ഷവും സെര്‍ബിയയുടെ നൊവാക് ജൊകോവിച് യു എസ് ഓപണ്‍ സെമിഫൈനലില്‍. ബ്രിട്ടന്റെ ആന്‍ഡിമുറെയെ നാല് സെറ്റ് നീണ്ട പോരില്‍ കീഴടക്കിയാണ് ലോക ഒന്നാം നമ്പര്‍ താരത്തിന്റെ കുതിപ്പ്. സ്‌കോര്‍: 7-6(7/1), 6-7 (1/7), 6-2, 6-4.
ജപ്പാന്റെ കി നിഷികോരിയാണ് സെമിയില്‍ ജൊകോവിചിന്റെ എതിരാളി. 96 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ജാപനീസ് താരം യു എസ് ഓപണിന്റെ സെമിയിലെത്തുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ തോല്‍പ്പിച്ചാണ് നിഷികോരിയുടെ മുന്നേറ്റം. സ്‌കോര്‍: 3-6, 7-5, 7-6 (9/7), 6-7 (5/7), 6-4. 2011 ചാമ്പ്യനായ ജോകൊവിച് ന്യൂയോര്‍ക്ക് ഫ്‌ളെഷിംഗ് മെഡോസില്‍ നേടുന്ന അമ്പതാം ജയമാണിത്. ബാല്യകാലം തൊട്ട് മുഖ്യഎതിരാളിയായിരുന്ന ആന്‍ഡി മുറെക്കെതിരെ 21 തവണ ഏറ്റുമുട്ടിയപ്പോള്‍ പതിമൂന്നിലും ജയിച്ച് മുന്‍തൂക്കം നേടാനും ജൊകോവിചിന് സാധിച്ചു. പത്താം സീഡായ നിഷികോരി മൂന്നാം സീഡായ വാവ്‌റിങ്കയെ അട്ടിമറിച്ച രീതി സെര്‍ബ് താരത്തിന് ഭീഷണിയാണ്.
നാല് മണിക്കൂറിലേറെ പൊരുതിയാണ് നിഷികോരിയുടെ ജയം. ആദ്യ സെറ്റ് നഷ്ടമായപ്പോള്‍ നിരാശ തോന്നുകയല്ല, മറിച്ച് തിരിച്ചുവരവ് നടത്താനുള്ള വാശി ലഭിക്കുകയായിരുന്നുവെന്ന് നിഷികോരി പറഞ്ഞു.