ശക്തമായ മഴ; പാക്കിസ്ഥാനില്‍ 30 പേര്‍ മരിച്ചു

Posted on: September 5, 2014 12:46 am | Last updated: September 5, 2014 at 12:46 am
SHARE

pakistan mapഇസ്‌ലാമാബാദ്: ശക്തമായ മഴയെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ 30 പേര്‍ മരിച്ചു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ മഴക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കൂടുതലാണെന്ന് പാക് ദുരിതാശ്വാസ മന്ത്രാലയം വ്യക്തമാക്കി.
പാക്കിസ്ഥാനിലെ പഞ്ചാബില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണാണ് കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാഹോറില്‍ 13 പേരും ശക്തമായ മഴയെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ കാലവര്‍ഷം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ അധികരിച്ചിരിക്കുകയാണ്. 2013ല്‍ 178 പേര്‍ മരിക്കുകയും 15 ലക്ഷത്തിലധികം ആളുകളെ രാജ്യവ്യാപകമായി വെള്ളപ്പൊക്കം ദുരിതത്തിലാക്കുകയും ചെയ്തിരുന്നു. അതേസമയം, കാലവര്‍ഷം മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ പാക് സര്‍ക്കാര്‍ കാര്യക്ഷമമായി ഒന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പഞ്ചാബില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടങ്ങളെ തുടര്‍ന്ന് 25 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇതിനു പുറമെ 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വേണ്ടി ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കാശ്മീരില്‍ വിവിധ സംഭവങ്ങളിലായി ആറ് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അടുത്ത 72 മണിക്കൂറിനുള്ളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. പല നദികളും അപകടലൈന്‍ കവിഞ്ഞാണ് ഒഴുകുന്നത്.
2010ല്‍ പാക്കിസ്ഥാനിലുണ്ടായ ഏറ്റവും ശക്തമായ വെള്ളപ്പൊക്ക ദുരന്തത്തെ തുടര്‍ന്ന് 1,800 പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് കോടിയിലധികം ജനങ്ങള്‍ ഇതിനെ തുടര്‍ന്ന് ദുരിതത്തിലാകുകയും ചെയ്തിരുന്നു.