പരിസ്ഥിതി നിയമങ്ങളുടെ പരിഷ്‌കരണം

Posted on: September 5, 2014 12:36 am | Last updated: September 5, 2014 at 12:36 am
SHARE

പരിസ്ഥിതി നിയമങ്ങളുടെ പരിഷ്‌കരണത്തിന് നാലംഗ സമിതിയെ നിയോഗിച്ചിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. 1986ലെ പരിസ്ഥിതി (സംരക്ഷണ)നിയമം, 1980ലെ വനം (പരിപാലന)നിയമം, 1972ലെ വന്യജീവി (സംരക്ഷണ)നിയമം, 1974ലെ ജല (മലിനീകരണം തടയലും നിയന്ത്രണവും)നിയമം, 1981ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) നിയമം എന്നിവ പുനഃപരിശോധിക്കുകയും ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കുകയാണ് കാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്‍ അധ്യക്ഷനായ ഉന്നതതല സമിതിയുടെ ദൗത്യം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധികാരങ്ങളും സമിതി പുനഃപരിശോധിക്കും. ട്രൈബ്യൂണലിന്റെ ഇടപെടല്‍ പലപ്പോഴും പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള ട്രൈബ്യൂണലിന്റെ ജുഡീഷ്യല്‍ സ്വഭാവം എടുത്തുകളഞ്ഞ് മന്ത്രാലയത്തിന്റെ ഭാഗമാക്കാനാണ് മോദി സര്‍ക്കാറിന്റെ നീക്കം. ഫലത്തില്‍ നിര്‍ദേശങ്ങള്‍ മാത്രം സമര്‍പ്പിക്കാനുള്ള സമിതിയായി ട്രൈബ്യൂണല്‍ മാറും. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കോര്‍പറേറ്റുകളുടെയും വ്യവസായ മേഖലയുടെയും കടുത്ത സമ്മര്‍ദമാണ് കേന്ദ്രത്തിന്റെ ഈ നീക്കത്തിന് പിന്നില്‍. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കാലഹരണപ്പെട്ടതും അപാകങ്ങള്‍ നിറഞ്ഞതുമാണെന്നും അവയെ കൂടുതല്‍ വികസനാനുകൂലമാക്കണമെന്നും വ്യവസായ ലോകം വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരുന്നതാണ്. പല പദ്ധതികള്‍ക്കും അനുമതി നല്‍കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ തടസ്സം നില്‍ക്കുന്നതായും വ്യവസായ ലോകത്തിന് ആക്ഷേപമുണ്ട്. ഇതടിസ്ഥാനത്തില്‍ രാജ്യത്തെ വികസനപരമായ കുതിപ്പിന് തടസ്സം സൃഷ്ടിക്കാത്ത വിധത്തില്‍ നിയമത്തില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തണമെന്നാണ് സര്‍ക്കാര്‍ താത്പര്യം.
അര നൂറ്റാണ്ടിനപ്പുറം ആവിഷ്‌കരിച്ചതാണ് ഇന്നുള്ള പരിസ്ഥിതി നിയമങ്ങളില്‍ പലതും. അന്നത്തെ അപേക്ഷിച്ചു നാടും സമൂഹവും വളരെയേറെ വളര്‍ന്നുകഴിഞ്ഞു. ഈ വളര്‍ച്ചക്കനുസൃതമായി വ്യവസായങ്ങളും വിമാനത്താവളങ്ങളും റോഡുകളും മനുഷ്യജീവിതത്തിനാവശ്യമായ സൗകര്യങ്ങളും വര്‍ധിച്ചുവരേണ്ടതുണ്ട്. ലോക രാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിക്കുകയും വികസിത രാജ്യങ്ങളോട് മത്സരിച്ചു മുന്നേറുകയും ചെയ്യുന്ന ഇന്ത്യയുടെ വികസനപരമായ കുതിപ്പിന് നിലവിലെ പരിസ്ഥിതി നിയമങ്ങള്‍ തടസ്സമാകുന്നുവെങ്കില്‍ അതില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നതില്‍ സന്ദേഹമില്ല. പരിസ്ഥിതി നിയമങ്ങളില്‍ കുരുങ്ങി വികസന പ്രവര്‍ത്തനങ്ങള്‍ ദശാബ്ദങ്ങളോളം നീണ്ടുപോകുന്ന സ്ഥിതിവിശേഷം പലപ്പോഴുമുണ്ടാകാറുണ്ട്. കേരളീയ സമൂഹം ഇതിന്റെ പ്രത്യാഘാതം അനുഭവിച്ചതാണ്. വൈദ്യുതി മേഖലയില്‍ കേരളത്തിന്റെ രൂക്ഷമായ പ്രതിസന്ധിക്ക് കാരണം സംസ്ഥാനം സമര്‍പ്പിച്ച പല പദ്ധതികള്‍ക്കും പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണല്ലോ. പദ്ധതികള്‍ക്കുള്ള അനുമതിയും തത്സംബന്ധമായ പരിസ്ഥിതി വകുപ്പിന്റെ നടപടിക്രമങ്ങളും അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന സ്ഥിതിവിശേഷത്തിന് അറുതി വരുത്തേണ്ടതുണ്ട്.
എന്നാല്‍ വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയെയും പ്രകൃതിയെയും പാടേ അവഗണിക്കുന്ന നിലപാടും അംഗീകരിക്കാനാകില്ല. ജീവന്റെ നിലനില്‍പ്പ് പരിസ്ഥിതിയെ ആശ്രയിച്ചാണിരിക്കുന്നത്. പരിസ്ഥിതിക്ക് നേരെയുണ്ടായ കൈയേറ്റങ്ങളുടെ ഫലമായി കാലാവസ്ഥയിലുണ്ടായ വ്യതിയാനവും ആഗോളതാപനം പോലുള്ള അതിന്റെ പ്രത്യാഘാതങ്ങളും ലോകം അനുഭവിച്ചു കൊണ്ടിരിക്കയാണ്. പരിസ്ഥിതി സംരക്ഷണം മാനവരാശിയുടെ സംരക്ഷണമാണ്. അതുകൊണ്ട് വളരെ കരുതലോടെയാകണം പരിസ്ഥിതി നിയമങ്ങളുടെ പൊളിച്ചെഴുത്ത്. കോര്‍പറേറ്റുകള്‍ക്ക് പരിസ്ഥിതിയെ യഥേഷ്ടം നശിപ്പിക്കാന്‍ സഹായകമായ വിധത്തില്‍ നിയമത്തെ പാടേ ഉദാരവത്കരിക്കരുത്. വികസനം ത്വരിതപ്പെടുത്തുന്നതോടൊപ്പം പരിസ്ഥിതിയെയും പ്രകൃതിയെയും പരമാവധി സംരക്ഷിക്കുന്ന പരിഷ്‌കരണമാണ് രൂപപ്പെടേണ്ടത്.