Connect with us

Kerala

സംസ്ഥാന സര്‍ക്കാറിന്റെ വെബ് സൈറ്റുകള്‍ സുരക്ഷാ ഭീഷണിയില്‍

Published

|

Last Updated

kerala governmentപത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വെബ് സൈറ്റുകള്‍ സുരക്ഷാ ഭീക്ഷണിയില്‍. സൈബര്‍ സെക്യൂരിറ്റികള്‍ വേണ്ടത്ര പാലിക്കാതെ വെബ് സൈറ്റുകള്‍ നിര്‍മിച്ചതാണ് സുരക്ഷാ ഭീക്ഷണിക്ക് കാരണമായിട്ടുള്ളത്.

സൈറ്റുകള്‍ നിര്‍മിക്കുമ്പോള്‍ തന്നെ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഇവ ഹോസ്റ്റ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ നിര്‍മിക്കുന്നത് സി എസ് എസ്, സാവേയ്, മൗസ്, എന്നീ അധുനിക രീതിയിലുള്ള കോഡിംഗ് രീതിയിലായിരിക്കണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേരള സര്‍ക്കാറിന്റെ വെബ് സൈറ്റുകള്‍ എച്ച് ടി എം എല്‍ കോഡിംഗ് രീതിയിലാണ് ഇപ്പോഴും നിര്‍മിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന സൈറ്റുകള്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യാം എന്നതു കൊണ്ടാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നത്.
കേരള സര്‍ക്കാറിന്റെ വെബ് സൈറ്റുകള്‍ നിര്‍മിക്കുന്നത് സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റാണ്. വൈബ് സൈറ്റുകളുടെ നിര്‍മാണം എളുപ്പത്തില്‍ നടത്താമെന്നതാണ് എച്ച് ടി എം എല്ലില്‍ നിര്‍മിക്കാന്‍ കാരണം. ഇതു മാത്രമല്ല സി എസ് എസ് തുടങ്ങിയ മറ്റ് കോഡിംഗ് രീതിയില്‍ സൈറ്റ് നിര്‍മിച്ചാല്‍ അതില്‍ മാറ്റം വരുത്താന്‍ നിര്‍മിച്ച വ്യക്തിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഇത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതാണ് സി ഡി റ്റ് ഇപ്പോഴും പഴയ നിലയില്‍ തുടരുന്നത്. കേരളത്തെ അപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളുടെ വെബ് സൈറ്റുകള്‍ക്ക് മൂന്നിരട്ടി സുരക്ഷയാണ് ഉള്ളത്.
ഓരോ വകുപ്പുകളുടെ സൈറ്റുകള്‍ കോഡിംഗ് രീതിയില്‍ മാറ്റം വരുത്തിയാണ് മതിയായ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. ഇതിന് പുറമെ ഇവയെ സ്വകാര്യ സെര്‍വറുകളിലേക്കും ഹോസ്റ്റിംഗ് ചെയ്തിട്ടുണ്ട്.
കേരള സര്‍ക്കാറിന്റെ വെബ് സൈറ്റുകള്‍ പലതും കാലഹരണപ്പെട്ടവയാണ്. ഇതു മൂലം ഇവക്ക് മതിയായ സുരക്ഷ നല്‍കാന്‍ കഴിയത്ത അവസ്ഥയാണെന്നാണ് സി ഡി റ്റിലെ ഒരു മുതിര്‍ന്ന ഉദ്ധ്യോഗസ്ഥന്‍ പറയുന്നത്. ഇതിന് പുറമെ എക്‌സ് ടു ജാവ, ആന്‍ഡ്രോയിഡ് തുടങ്ങിയ പുതുതലമുറ കോഡിംഗ് രീതികള്‍ അറിയാവുന്ന ജീവനക്കാരുടെ അഭാവവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. സെര്‍വറുകളുടെ ശേഷി ഉയര്‍ത്താത്തുമൂലം. പി എസ് സി, വിദ്യാഭ്യസ വകുപ്പ് എന്നിവരുടെ സൈറ്റുകള്‍ ഇടക്കിടെ പണിമുടക്കുന്നതും ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.
സൈറ്റുകളില്‍ ഇടക്കിടെ നടത്തേണ്ട അപ്‌ഡേഷനുകള്‍ പലതും താളം തെറ്റിയ നിലയിലാണ്. ഇത് സംബന്ധിച്ച് പി ആര്‍ ഡി, സി ഡി റ്റിന് പരാതി നല്‍കിയിരുന്നെങ്കിലും ഇതിലും നടപടിയുണ്ടായിട്ടില്ല. ഏറ്റവും കൂടുതല്‍ സുരക്ഷാ ഭീക്ഷണിയുള്ള വെബ് സൈറ്റുകളില്‍ ഒന്ന് സൈബര്‍ സെല്ലിന്റെയും പോലിസ് വകുപ്പിന്റേതുമാണ് .