Connect with us

National

'ലൗ ജിഹാദ്' പ്രയോഗം ഒഴിവാക്കാന്‍ ഹരജി; യു പിക്കും തിര. കമ്മീഷനും നോട്ടീസ്

Published

|

Last Updated

ലക്‌നോ: “ലൗ ജിഹാദ്” എന്ന പ്രയോഗം ഒഴിവാക്കാനും ബി ജെ പി. എം പി യോഗി ആതിദ്യനാഥിനെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ അലഹബാദ് ഹൈക്കോടതി യു പി സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ്. പങ്കജ് തിവാരിയെന്നയാള്‍ സമര്‍പ്പിച്ച ഹരജി, ജസ്റ്റിസുമാരായ ഇംതിയാസ് മുര്‍താസ, അശ്വനി കുമാര്‍ സിംഗ് എന്നിവരടങ്ങിയ ബഞ്ചാണ് പരിഗണിച്ചത്.
ലൗ ജിഹാദിന്റെ പേരില്‍ പുതിയ തരത്തിലുള്ള വര്‍ഗീയതയാണ് പ്രചരിക്കുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ, വിധാന്‍ സഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തില്‍ നിന്ന് കേന്ദ്ര മന്ത്രി കല്‍രാജ് മിശ്രയെ തടയാന്‍ നിര്‍ദേശിക്കണമെന്നും ഹരജിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷം പരിശോധിക്കാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് ഉന്നതതല സമിതിയെ നിയമിക്കണമെന്നും ഹരജിയില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയുടെ അഭിഭാഷകരുടെ അപേക്ഷയെ തുടര്‍ന്നാണ് പത്ത് ദിവസത്തെ സമയം അനുവദിച്ചത്. അടുത്ത 15ന് ഹരജിയില്‍ വീണ്ടും വാദം കേള്‍ക്കും. ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധം നടത്താന്‍ ഹിന്ദുത്വ ശക്തികള്‍ പ്രചരിപ്പിച്ച പദമായ ലൗ ജിഹാദ്, ഇന്ത്യക്കെതിരെയുള്ള അന്താരാഷ്ട്ര ഗുഢാലോചനയാണെന്ന് ആദിത്യ നാഥ് ആരോപിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും നാഥിനെതിരെ ആഞ്ഞടിച്ചിരുന്നു.

Latest