Connect with us

Kerala

മനോജ് വധം: അന്വേഷണം സിബിഐക്ക് വിട്ടേക്കും

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂരിലെ ആര്‍ എസ് എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് വിടുന്നു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ബി ജെ പിയും സംഘ്പരിവാര്‍ നേതൃത്വവും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. നിലവില്‍ ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം സി ബി ഐക്ക് വിടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇതുസംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
അതേസമയം, അന്വേഷണത്തിന്റെ ഒരു ഘട്ടം പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കേസ് സി ബി ഐ ഏറ്റെടുക്കുമോയെന്ന് വ്യക്തമല്ല. ടി പി ചന്ദ്രശേഖരന്‍ കൊലപാതകം ഉള്‍പ്പെടെ നേരത്തെ പല കേസുകളും സി ബി ഐക്ക് വിട്ടിരുന്നുവെങ്കിലും അന്വേഷണം ഏറ്റെടുക്കാന്‍ സി ബി ഐ തയ്യാറായിരുന്നില്ല. കേന്ദ്രത്തിലെ മാറിയ സാഹചര്യവും ആര്‍ എസ് എസിന്റെ സമ്മര്‍ദവുമുണ്ടായാല്‍ കേസ് ഏറ്റെടുക്കാന്‍ സി ബി ഐ തയ്യാറായേക്കും.
സി ബി ഐ അന്വേഷണത്തിന് മുറവിളി ഉയരുമ്പോഴെല്ലാം ഇരകളുടെ ആവശ്യം അനുസരിച്ച് തീരുമാനമെടുക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ മുതല്‍ സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തിലും സമാന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അതേസമയം, അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. മനോജിന്റെ യഥാര്‍ഥ കൊലയാളികളെയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ നിര്‍ദേശിച്ചവരെയും കണ്ടെത്താന്‍ കേരള പോലീസിന്റെ അന്വേഷണം കൊണ്ട് സാധിക്കില്ല. അതിനാലാണ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് തുടക്കം മുതല്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം. ഇതിന് കാരണക്കാരായ ഗൂഢാലോചനക്കാരെയും വെളിച്ചത്തു കൊണ്ടുവരണം. സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ ഒരിക്കലും സത്യം പുറത്തുവരില്ല. അതിനാലാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. കേന്ദ്രത്തിലെ ഏത് ഏജന്‍സിക്ക് അന്വേഷണച്ചുമതല നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കട്ടെ. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഈ ആവശ്യത്തിനോട് വളരെ അനുകൂലമായാണ് പ്രതികരിച്ചത്. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന് കാത്തു നില്‍ക്കാതെ എത്രയും വേഗം അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നാണ് സംഘ്പരിവാറിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, മുന്‍ ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി എന്നിവരും മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു.
ബുധനാഴ്ചയാണ് എ ഡി ജി പി. എസ് അനന്തകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചത്. ഗൂഢാലോചനയും അന്വേഷിക്കുമെന്ന് സംഭവം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest