Connect with us

Kozhikode

ടൂറിസം കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടികള്‍ നാളെ തുടങ്ങും

Published

|

Last Updated

കോഴിക്കോട്: ജില്ലാ ടൂറിസം കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാര്‍ ക്രിസ്റ്റ്യന്‍ കോളജില്‍ നടക്കുന്ന സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. ശനിയാഴ്ച വൈകീട്ട് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബീച്ചിലെ പ്രധാന വേദിയില്‍ മന്ത്രി എം കെ മൂനീര്‍ നിര്‍വഹിക്കും. മുബൈയിലെ ജോനിറ്റ ഗാന്ധിയും സംഘവും ഒരുക്കുന്ന ബോളിവുഡ് മസ്ത, ബംഗളുരു സംഘം ഒരുക്കുന്ന ലഗോരി, ഡി ജെ ശേഖര്‍ ആന്‍ഡ് ഗിന്നസ് ടീം മെഗാഷോ എന്നിവയും ഗാനമേളകളും ഗസലുകളും ക്ലാസിക്കല്‍ നൃത്തരൂപങ്ങളും കൂടാതെ ചൈനീസ് താരങ്ങള്‍ പങ്കെടുക്കുന്ന കൈറ്റ് ഫെസ്റ്റിവലും ഇത്തവണ ഓണാഘോഷത്തിന് മാറ്റ് കൂട്ടുമെന്നും അവര്‍ പറഞ്ഞു. കോഴിക്കോട്ടെ 15 വേദികള്‍ക്ക് പുറമെ കൊയിലാണ്ടിയിലും വടകരയിലും ഓണാഘോഷം ഒരുക്കുന്നുണ്ട്. ബീച്ചിനു പുറമെ, സാമൂതിരി ഹാള്‍, മാനാഞ്ചിറ മൈതാനം, ടൗണ്‍ഹാള്‍, ഗുജറാത്തി ഹാള്‍ എന്നിവയാണ് മറ്റ് പ്രധാന വേദികള്‍. ഈ മാസം 11 വരെയാണ് ആഘോഷപരിപാടികള്‍. പതിനൊന്നിന് വൈകീട്ട് ആറിന് ബീച്ചില്‍ നടക്കുന്ന സമാപന സമ്മേളനം കര്‍ണാടക ഊര്‍ജ മന്ത്രി ഡി കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഓണാഘോഷപരിപാടികളുടെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ ഡി ടി പി സി സെക്രട്ടറി രാജീവ്, കമാല്‍ വരദൂര്‍, എന്‍ സുബ്രഹ്മണ്യം, കെ സി അബു പങ്കെടുത്തു.