Connect with us

Kozhikode

ഗതാഗതക്കുരുക്കില്‍ നഗരം വീര്‍പ്പുമുട്ടി

Published

|

Last Updated

കോഴിക്കോട്: ഗതാഗതക്കുരുക്കില്‍ അമര്‍ന്ന് കോഴിക്കോട് നഗരം. പ്രധാന റോഡുകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ മുതല്‍ തന്നെ റോഡുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട ക്യൂവാണ് രൂപപ്പെട്ടത്. ഉച്ചയോടെ ഇരുചക്ര വാഹനങ്ങള്‍ക്ക് വരെ മുന്നോട്ട് പോകാന്‍ പ്രയാസപ്പെടുന്ന രീതിയില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. ഓണവിപണി ലക്ഷ്യം വെച്ച് നഗരത്തിലേക്ക് വാഹനങ്ങളില്‍ ജനം ഒഴുകിയെത്തിയതും തെരുവ് കച്ചവടങ്ങളും മഴയില്‍ പൊട്ടിപ്പൊളിഞ്ഞ റോഡും ട്രാഫിക് സിഗ്നല്‍ തകരാരും വാഹനങ്ങളുടെ പാര്‍ക്കിംഗുമെല്ലാം പ്രതിസന്ധി രൂക്ഷമാക്കി.
മെഡിക്കല്‍ കോളജ് റോഡ്, മാവൂര്‍ റോഡ്, മലാപ്പറമ്പ് ജംഗ്ഷന്‍, നടക്കാവ്, കോരപ്പുഴ പാലം, കണ്ണൂര്‍ റോഡ്, കല്ലായ്, മീഞ്ചന്ത, മാങ്കാവ് ഭാഗങ്ങളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. മെഡിക്കല്‍ കോളജില്‍ നിന്ന് പുതിയബസ് സ്റ്റാന്‍ഡിലേക്ക് സാധാരണ 15 മിനുട്ടാണ് ബസുകളുടെ റണ്ണിംഗ് സമയം. എന്നാല്‍ 45 മിനുട്ടോളം എടുത്താണ് ഇന്നലെ ബസുകള്‍ പുതിയബസ് സ്റ്റാന്‍ഡില്‍ എത്തിയത്. പൈപ്പിടുന്നതിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതിനാല്‍ മെഡിക്കല്‍ കോളജില്‍ നിന്നും പൊറ്റമ്മല്‍ ജംഗ്ഷന്‍ വരെ നേരത്തെ തന്നെ ഒരു ഭാഗം റോഡില്ലാത്ത അവസ്ഥയാണ്. ഓണത്തിരക്കും കൂടി ആയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ അടക്കം റോഡില്‍ കുടുങ്ങി. അരയിടത്തുപാലം ഫ്‌ളൈ ഓവര്‍ മുതല്‍ ഐ ജി റോഡ് ജംഗ്ഷന്‍ വരെ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. രാവിലെ മുതല്‍ മലാപ്പറമ്പ് ട്രാഫിക് സിഗ്‌നലില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. വയനാട് ഭാഗത്ത് നിന്നും സിവില്‍ സ്റ്റേഷനിലേക്കുള്ള ഉദ്യോഗസ്ഥരില്‍ പലര്‍ക്കും മലാപ്പറമ്പില്‍ ഇറങ്ങി നടക്കേണ്ടിവന്നു. ജില്ലയുടെ മലയോര മേഖലയില്‍ നിന്നും നഗരത്തിലെ വിദ്യാലയങ്ങളിലേക്കുള്ള നിരവധി വിദ്യാര്‍ഥികള്‍ സമയത്തിന് ക്ലാസിലെത്താനായില്ല.
വടകര, കണ്ണൂര്‍ ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ കോരപ്പുഴ പാലത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ടു. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും ഇതുവഴി മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഫറോക്ക് നിന്നും മീഞ്ചന്ത വഴി നഗരത്തിലേക്കുള്ള റോഡിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. രാമനാട്ടുകര നിന്നും നഗരത്തിലേക്ക് സാധാരണ അരമണിക്കൂറാണ് ബസുകളുടെ സമയം. എന്നാല്‍ ഒരു മണിക്കൂറില്‍ അധികം എടുത്താണ് പല ദീര്‍ഘദൂര ബസുകളും പുതിയബസ്റ്റാന്റില്‍ എത്തിയത്. ഇതിനാല്‍ പല ബസുകളുടെയും ട്രിപ്പുകള്‍ തടസ്സപ്പെട്ടു. കല്ലായില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞതും പാലത്തിലെ കുഴിയും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി. രാവിലെ ഒമ്പതു മുതല്‍ 10 വരെയും വൈകീട്ട് നാലു മുതല്‍ ഏഴു വരെയുമാണ് ഇവിടെ ഗതാഗതകുരുക്ക് കിലോമീറ്ററോളം നീണ്ടത്. വടക്ക് ഭാഗത്ത് പുഷ്പ ജംഗ്ഷന്‍ വരെയും തെക്ക് ഭാഗത്ത് പന്നിയങ്കര വരെയും കുരുക്ക് അനുഭവപ്പെട്ടു. ഓണത്തിരക്ക് കാരണം മിഠായിത്തെരുവിലൂടെ ഗതാഗതം അനുവദിച്ചിരുന്നില്ല. വഴിയോര കച്ചവടത്തില്‍ മുങ്ങിയ മാനാഞ്ചിറ ഭാഗത്തേക്ക് സര്‍വീസ് നടത്താന്‍ ഓട്ടോകള്‍ തയ്യാറായതുമില്ല. പലയിടത്തും ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസ് പ്രയാസപ്പെട്ടു. ഓണത്തിന് ദിവസങ്ങള്‍ മാത്രമിരിക്കെ വരും ദിവസങ്ങളില്‍ നഗരയാത്ര ശരിക്കും ദുരിതമായി മാറും.

Latest