ഓണത്തിന് അധ്യാപകര്‍ പട്ടിണി സമരത്തിന്‌

Posted on: September 4, 2014 8:59 am | Last updated: September 4, 2014 at 10:59 am
SHARE

കാളികാവ്: നിയമനാംഗീകാരമില്ലാതെ നാല് വര്‍ഷമായി ശമ്പളമില്ലാതെ സംസ്ഥാനത്തെ മുവ്വായിരത്തോളം അധ്യാപകര്‍ ദുരിതത്തില്‍.
സര്‍ക്കാര്‍ അംഗീകൃത എയ്ഡഡ് സ്‌കൂളുകളില്‍ 2011 മുതല്‍ നിയമിതരായ അധ്യാപകരാണ് തസ്തിക ഉണ്ടായിട്ടും നിയമനം ലഭിക്കാത്തതിന്റെ പേരില്‍ പ്രയാസം പേറുന്നത്. ജില്ലയിലെ ആയിരത്തിലധികം അധ്യാപകരാണ് ഈ പട്ടികയിലുള്ളത്. വരുന്ന ഉത്രാടം നാളില്‍ മലപ്പുറത്ത് കലക്ടറേറ്റിന് സമീപം പട്ടിണി സമരത്തിന് തീരുമാനിച്ചിരിക്കുകായാണ് ഈ അധ്യാപകര്‍. 2011 മുതല്‍ 2014 കാലയളവില്‍ സര്‍വ്വീസിലുള്ളവരും ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നതു മായ ഇവരുടെ നിയമാനാംഗീകാരമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. അധിക തസ്തികകളില്‍ നിയമിച്ചവരുടെ നിയമനം അംഗീകരിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടാണ് അധ്യാപകര്‍ക്ക് തിരിച്ചടിയായത്.
2010-2011 വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച അധ്യാപക പാക്കേജ് പ്രകാരം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനം ലഭിക്കാതെ വന്ന അധ്യാപകരുടെ നിയമനം അംഗീകരിച്ച് അവര്‍ക്ക് ശമ്പളം നല്‍കിയിരുന്നു. ഇത് നിരവധി അധ്യാപകര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് അധിക പുതിയ തസ്തികകളില്‍ നിയമിതരായ അധ്യാപകരുടെ അംഗീകാരം തടഞ്ഞുവെച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തസ്തിക നിര്‍ണയത്തിനായി നടക്കുന്ന വെരിഫിക്കേഷനില്‍ വന്ന അനിശ്ചിതത്വങ്ങളും പ്രതിസന്ധിക്ക് ആക്കംകൂട്ടി. യു ഐ ഡി അടിസ്ഥാനത്തിലുള്ള തസ്തിക നിര്‍ണയം ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചു. അതിനിടെ 2014-15 വര്‍ഷത്തേക്ക് നിയമനം ലഭിച്ചവര്‍ക്ക് മാത്രം അംഗീകാരം നല്‍കാന്‍ കഴിഞ്ഞ 29ന് സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടുണ്ട്. എന്നാല്‍ ഇതിന് അധ്യാപകര്‍ കെ-ടെറ്റ് പരീക്ഷ ജയിച്ചിരിക്കണം എന്ന വ്യവസ്ഥ വെച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതിന് അഞ്ച് വര്‍ഷത്തെ കാലാവധി നല്‍കിയിരുന്നു. 2014 ന് മുമ്പത്തെ കാലയളവിലെ നിയമനം ദിവസവേതനാടിസ്ഥാന പ്രകാരം കണക്കാക്കാനും നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം നടപടിക്കെതിരെയാണ് തങ്ങളുടെ പ്രക്ഷോഭമെന്ന് നോണ്‍ അപ്രൂവഡ് ടീച്ചേഴ്‌സ് യൂനിയന്‍(എന്‍ എ ടി യു) ജില്ലാ ഭാരവാഹികളായ ആഷിക് എടരിക്കോട്, ഈസ, ശംസുദ്ധീന്‍ കരുവാരകുണ്ട് എന്നിവര്‍ പറഞ്ഞു.