ഗോത്രമഹാസഭ നില്‍പ് സമരം നടത്തും

Posted on: September 4, 2014 9:28 am | Last updated: September 4, 2014 at 9:28 am
SHARE

കല്‍പ്പറ്റ: സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന നില്‍പ് സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈമാസം 10ന് നില്‍പ് സമരം നടത്തുമെന്ന് ഗോത്രമഹാസഭ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുത്തങ്ങ, ആറളം, അഗളി, ദേവികുളം എന്നിവിടങ്ങളിലാണ് നില്‍പ് സമരം നടത്തുക. 10ന് ഉച്ചക്ക് രണ്ടിനാണ് സമരം തുടങ്ങുക. അഞ്ച് മണിക്ക് സമരം അവസാനിക്കും. മുത്തങ്ങയില്‍ നിന്ന് 2003ല്‍ കുടിയിറക്കിയ ആദിവസി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാം നല്‍കുക, ഭൂമി നല്‍കി പുനരധിവസിപ്പിക്കുക എന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യം. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിയും മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
2005 ഡിസംബര്‍ 13ന് മുമ്പ് കുടിയിറക്കപ്പെട്ടതിനാല്‍ ഇവര്‍ക്ക് വനാവകാശവുമുണ്ട്. എന്നിട്ടും ഇവര്‍ക്ക് അവകാശപ്പെട്ടത് നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ആദിവാസികള്‍ക്ക് പതിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പതിച്ചു നല്‍കിയ വനഭൂമികളില്‍ ഗോത്ര മഹാ സഭയുടേത് പോലെ സി.പി.എമ്മും കയ്യേറിയിരുന്നു.
ഇവര്‍ക്ക് വനാവകാശം നല്‍കിയിട്ടുമുണ്ട്. മാത്രമല്ല ഈ സമരത്തില്‍ വനഭൂമിയില്‍ കയ്യേറി താമസമാരംഭിച്ച ആദിവാസികളല്ലാത്തവരെ കുടിയിറക്കാനും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. ഇതു കൊണ്ടു തന്നെ 2001ല്‍ ആന്റണി സര്‍ക്കാര്‍ അംഗീകരിച്ച ആദിവാസി കരാര്‍ നടപ്പാക്കി ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്നും ആദിവാസി ഭൂമി ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ കൊണ്ട് വന്ന് ആദിവാസി പഞ്ചായത്തുകള്‍ രൂപം നല്‍കണമെന്നുമാണ് നില്‍പു സമരത്തിലൂടെ ഗോത്രമഹാസഭ ആവശ്യപ്പെടുന്നത്. 10ന് ഉച്ചക്ക് രണ്ടിന് മുത്തങ്ങയിലെ ജോഗി സ്മാരകത്തിന് മുന്നില്‍ നിന്ന് പ്രകടനമായെത്തി ചെക്ക്‌പോസ്റ്റിന് സമീപമാണ് നില്‍പ് സമരം നടക്കുകയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പെങ്കടുത്ത ഗോത്രമഹാസഭ സംസ്ഥാന നേതാക്കളായ ചന്ദ്രന്‍ കാര്യമ്പാടി, രമേശന്‍ കൊയാലിപ്പുഴ, പുഷ്പ പുളിമൂട്, ചന്ദ്രന്‍ തിരുനെല്ലി എന്നിവര്‍ അറിയിച്ചു.