Connect with us

Wayanad

മരുന്ന് ഗോഡൗണ്‍ കല്‍പ്പറ്റയിലേക്ക് മാറ്റാന്‍ നീക്കം

Published

|

Last Updated

മാനന്തവാടി: ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പൂര്‍ണ്ണ ഒത്താശയോടെ ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന മരുന്ന് ഗോഡൗണ്‍ കല്‍പ്പറ്റയിലേക്ക് മാറ്റാനുള്ള നീക്കം സജീവമായി. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനാണ് ഇതിനുള്ള ചരടു വലികള്‍ നടത്തുന്നത്. ഇതിന് ജില്ലാ കലക്ടര്‍ കത്ത് നല്‍കിയതായും സൂചനയുണ്ട്. 2013 വരെ ജില്ലയിലെ 43 സ്ഥാപനങ്ങളിലേക്കാണ് ഇവിടെ നിന്നും മരുന്ന് വിതരണം ചെയ്തിരുന്നത്. എന്നാല്‍ മെഡിക്കല്‍ കോര്‍പറേഷന്‍ ഏറ്റെടുത്തതോടെ ജില്ലാ മാനേജറുടെ താത്പര്യപ്രകാരം 2013 ഫ്രെബ്രുവരിയില്‍ ഗോഡൗണ്‍ പ്രവര്‍ത്തനം ഭാഗീകമായി കല്‍പ്പറ്റയിലേക്ക് മാറ്റിയിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൗകര്യം ഒഴിവാക്കിയാണ് മാസം 75000 രൂപ വാടകകക്ക് ഗോഡൗണ്‍ എടുത്തത്. ലക്ഷകണക്കിന് രൂപയാണ് ഈ ഇനത്തില്‍ മെഡിക്കല്‍ കോര്‍പ്പറേഷന് നഷ്ടമാകുന്നത്.
കഴിഞ്ഞ വര്‍ഷം മാനന്തവാടിയില്‍ നിന്നും ഗോഡൗണ്‍ മാറ്റാന്‍ നീക്കം നടക്കുകയും ഇതിനെതിരെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ ശക്തമായ സമരം സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ ജില്ലാ ആശുപത്രിയുള്‍പ്പെടെ 13 സ്ഥാപനങ്ങളിലേക്കാണ് ഇവിടെ നിന്നും മരുന്ന് വിതരണം ചെയ്ത് വരുന്നത്. അതോടൊപ്പം തന്നെ കൂടാതെ ഐ പി ഫ്യൂഡ്‌സ്, ഇന്‍ജക്ഷന്‍ സര്‍ജറിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും വിതരണം ചെയ്യുന്നത് മാനന്തവാടി ഗേഡൗണില്‍ നിന്നുമാണ്. മൂന്ന് സെക്യൂരിറ്റി, നാല് പാക്കിംങ്ങ് ഫാര്‍മസിസ്റ്റുമുള്‍പ്പെടെ എട്ട് ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. 2017 വരെ കാലാവധിയുള്ള മരുന്നുകളാണ് ഇപ്പോള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ കാലാവധി തീര്‍ന്നതും ബ്ലാക്ക് ലിസ്റ്റില്‍ പ്പെട്ടതുമായ മരുന്നു മാത്രമാണ് ഇവിടെയുള്ളത് എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കലക്ടറെ ബോധിപ്പിച്ചിട്ടുള്ളത്. കലക്ടറെ തെറ്റി ധരിപ്പിച്ച് ഗോഡൗണ്‍ മാറ്റാന്‍ നീക്കം നടക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് യുവജന സംഘടനകള്‍.