Connect with us

Wayanad

മഹല്ല് സംസ്‌കരണത്തില്‍ ഖത്വീബുമാരുടെ പങ്ക് നിസ്തുലം: കെ എം എ റഹീം

Published

|

Last Updated

പനമരം: മുസ്‌ലിം മഹല്ലുകള്‍ സംസ്‌കരിച്ച് ജീര്‍ണതകള്‍ വിപാടനം ചെയ്യുന്നതില്‍ ഖത്വീബുമാര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് എസ് എം എ സംസ്ഥാന സെക്രട്ടറി കെ എം എ റഹീം പറഞ്ഞു. പനമരം ബദ്‌റുല്‍ഹുദയില്‍ സുന്നീമാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഖത്വീബ് കോണ്‍ഫ്രന്‍സില്‍ ഇമാമത്തും ദഅ്‌വത്തും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് നിവാസികള്‍ക്ക് ലഭിക്കുന്ന ഉപദേശങ്ങള്‍ ആത്മീയവും നിര്‍മാണാത്മകവുമായിക്കണമെന്നും സമൂഹത്തില്‍ അള്ളിപിടിച്ച അസാന്‍മാര്‍ഗിത പ്രവണതകള്‍ തുടച്ച് നീക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ മുതഅല്ലിംകള്‍ക്കായി ജില്ലാ കമ്മിറ്റി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനവും പനമരം ബദ്‌റുല്‍ഹുദ വിദ്യാര്‍ഥി ഹുദൈഫ വെണ്ണിയോടിന് നല്‍കി അദ്ദേഹം നിര്‍വഹിച്ചു. മഹല്ലുകളില്‍ ഛിദ്രതയും അനൈക്യവുമുണ്ടാക്കുന്നവരുടെ ഗൂഡശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കോണ്‍ഫ്രന്‍സ് പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റ് കെ കെ മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കെ എസ് മുഹമ്മദ് സഖാഫി, ഹംസ ഫൈസി, ഉസ്മാന്‍ മൗലവി, ഹംസ അഹ്‌സനി, കുഞ്ഞിമൊയ്തീന്‍ സഖാഫി, ഇസ്മാഈല്‍ സഖാഫി റിപ്പണ്‍ പ്രസംഗിച്ചു. മുഹമ്മദ് സഖാഫി സ്വാഗതവും സിദ്ദീഖ് മദനി നന്ദിയും പറഞ്ഞു.