ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലേക്ക് സീക്കോയും എത്തി

Posted on: September 4, 2014 12:16 am | Last updated: September 4, 2014 at 12:16 am
SHARE

article-1053671-04AA2D6D0000044D-330_468x631പനാജി: ബ്രസീലിയന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം സീക്കോ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് ! ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ഫുട്‌ബോളിലേക്ക് എഫ് സി ഗോവയുടെ കോച്ചായാണ് വെളുത്ത പെലെ എന്നറിയപ്പെടുന്ന സീക്കോയുടെ വരവ്. മൂന്ന് ലോകകപ്പ് കളിച്ച സീക്കോ 2002 മുതല്‍ 2006 വരെ ജപ്പാന്‍ ദേശീയ ടീമിന്റെ കോച്ചായും പ്രവര്‍ത്തിച്ചു. 2008 ല്‍ തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബഷെയെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തിച്ചതാണ് സീക്കോയുടെ കോച്ചിംഗ് കരിയറിലെ ശ്രദ്ധേയ പ്രകടനം. ഇറാഖ് ദേശീയ ടീം, റഷ്യന്‍ ക്ലബ്ബ് സി എസ് കെ എ മോസ്‌കോ, ഖത്തര്‍ ക്ലബ്ബ് അല്‍ ഖരാഫ എന്നിവയിലും പരിശീലക കുപ്പായമണിഞ്ഞു.
ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോയുടെ അസിസ്റ്റന്റ് ആയിരുന്ന സ്റ്റീവ് ക്ലര്‍ക്കിന് വേണ്ടിയായിരുന്നു എഫ് സി ഗോവ ആദ്യം ശ്രമിച്ചത്. എന്നാല്‍, വരുമാന നികുതി സംബന്ധിച്ച് ധാരണയിലെത്താന്‍ സാധിക്കാതെ വന്നതോടെ എഫ് സി ഗോവ സീക്കോയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. കരാര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ സാധ്യമായതില്‍ എഫ് സി ഗോവ അധികൃതര്‍ സന്തോഷം പ്രകടിപ്പിച്ചു. എഫ് സി ഗോവക്ക് മാത്രമല്ല ഐ എസ് എല്ലിന് തന്നെ ഈ ഡീല്‍ വലിയ നേട്ടമാണ് – ഗോവന്‍ ടീം ഒഫിഷ്യല്‍ പറഞ്ഞു.
ഈ മാസം പത്തിനും പന്ത്രണ്ടിനും ഇടയില്‍ സീക്കോ ഗോവയിലെത്തുമെന്നാണ് സൂചന. പതിനഞ്ചിന് വാസ്‌കോയിലെ തിലക് മൈതാനിയിലാണ് എഫ് സി ഗോവയുടെ ആദ്യ പരിശീലന സെഷന്‍ ആരംഭിക്കുന്നത്. ലോകഫുട്‌ബോളിലെ ആരാധ്യനായ സീക്കോ ജപ്പാന്‍ ഫുട്‌ബോളിലുണ്ടാക്കിയ മാറ്റം ശ്രദ്ധേയമാണ്. 2006 ല്‍ ജപ്പാന്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായത് സീക്കോയുടെ ശിക്ഷണത്തിലായിരുന്നു.
മൂന്ന് ലോകകപ്പുകളിലും മികച്ചു നിന്നെങ്കിലും ബ്രസീലിനെ ചാമ്പ്യന്‍മാരാക്കാന്‍ സാധിക്കാതെ പോയത് സീക്കോയുടെ കരിയറിന്റെ ശോഭ കെടുത്തുന്നില്ല. ബ്രസീല്‍ ജനത വെളുത്ത പെലെ എന്ന് നാമകരണം ചെയ്ത് സീക്കോയെ ആദരിച്ചു. 1990 കളില്‍ ജപ്പാനിലേക്ക് കളിത്തട്ട് മാറ്റിയ സീക്കോ ബുദ്ധിമാനായ ഫുട്‌ബോളറായാണ് വിലയിരുത്തപ്പെടുന്നത്.

റൊണാള്‍ഡീഞ്ഞോയെ തേടി റോമില്‍

ഡേവിഡ് ട്രെസഗെ, ല്യുംഗ്ബര്‍ഗ്, റോബര്‍ട് പിറെസ് എന്നിങ്ങനെ മുന്‍ സൂപ്പര്‍ താരനിര തന്നെയുണ്ട് ഐ എസ് എല്ലില്‍. ബ്രസീലിന്റെ സോക്കര്‍ മജീഷ്യനായിരുന്ന റൊണാള്‍ഡീഞ്ഞോയെ ടീമിലെത്തിച്ച് ഞെട്ടിക്കാനുള്ള പുറപ്പാടിലാണ് ചെന്നൈ ടൈറ്റന്‍സ്. ഇതിന് വേണ്ടി കഴിഞ്ഞ ദിവസം ടൈറ്റന്‍സ് പ്രതിനിധികള്‍ റോമില്‍ റൊണാള്‍ഡീഞ്ഞോയുമായി ചര്‍ച്ച നടത്തി. ലോകസമാധാനത്തിന് വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശീര്‍വാദത്തോടെ നടന്ന ചാരിറ്റി മത്സരത്തില്‍ പങ്കെടുക്കാന്‍ റൊണാള്‍ഡീഞ്ഞോ റോമിലുണ്ടായിരുന്നു. ഏജന്റ് കൂടിയായ സഹോദരനുമായി ചര്‍ച്ച ആശാവഹമാണെന്ന് ചെന്നൈ ഫ്രാഞ്ചൈസിയുടെ ടെക്‌നിക്കല്‍ പാര്‍ട്ണറായ ക്ഷത്രിയ സ്‌പോര്‍ട്‌സിന്റെ സി ഇ ഒ പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു.

ജെയിംസെത്തി. ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലനം എട്ടിന്
കൊച്ചി ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് എട്ടിന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ പരിശീലനം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രം. 15ന് വിദേശതാരങ്ങള്‍ കൂടി ക്യാമ്പിലെത്തുന്നതോടെ പരിശീലനം മറ്റൊരു ഘട്ടത്തിലേക്ക് കടക്കും. നേതൃത്വം കൊടുക്കേണ്ട മാര്‍ക്യൂ പ്ലെയറും മാനേജരുമായ ഡേവിഡ് ജെയിംസ് കൊച്ചിയിലെത്തിയിട്ടുണ്ട്. മത്സരം നടക്കുന്നത് കൊച്ചിയിലും പരിശീലനം തൃശ്ശൂരിലും ആകുന്നത് ബുദ്ധിമുട്ടാവില്ല. കേരള ബ്ലാസ്‌റ്റേഴ്‌സ് സംസ്ഥാനത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതാണ്. അതിനാല്‍ കൂടുതല്‍ സ്ഥലങ്ങളെ ടീമുമായി ബന്ധപ്പെടുത്തുന്നത് പ്രചാരണത്തിന് ഏറെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും ജെയിംസ് പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടീമിന്റെ ഭാഗമാണെന്നത് അഭിമാനം നല്‍കുന്നു. കേരളത്തിലെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരങ്ങള്‍ കൂടി ടീമിനൊപ്പം ചേരുന്നത് സന്തോഷമുള്ള കാര്യമാണെന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ ഐക്കണ്‍ താരം കൂട്ടിച്ചേര്‍ത്തു. നാല്‍പ്പത്തിനാലുകാരനായ ഡേവിഡ് 2004െല യൂറോ കപ്പിലും 2010ലെ ലോക കപ്പിലും ഇംഗ്ലണ്ടിന്റെ പ്രധാന ഗോള്‍കീപ്പര്‍ ആയിരുന്നു. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ 24 വര്‍ഷത്തെ പരിചയമുള്ള ഡേവിഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും കളിച്ചിട്ടുണ്ട്.
മികച്ച ടീം തന്നെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റേത്. മത്സര പരിചയമുള്ളവരും യുവരക്തങ്ങളും ഒത്തുചേരുന്ന ടീം.
അന്താരാഷ്ട്ര നിലവാരമുള്ള പരിശീലകരുടെ കുറവ് ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനുണ്ട്. ഇത് പരിഹരിച്ചാല്‍ ഇന്ത്യക്ക് ഏറെ മുന്നേറ്റങ്ങള്‍ നടത്താനാകുമെന്നുറം ഡേവിഡ് ജെയിംസ് കൂട്ടിച്ചേര്‍ത്തു.