Connect with us

National

നാട്ടുകൂട്ടത്തെ വെല്ലുവിളിച്ച പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു

Published

|

Last Updated

കൊല്‍ക്കത്ത: ജാല്‍പൈഗുരിയിലെ ധുപ്ഗുരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ഘാതകരെന്ന് ആരോപണമുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വെ പാളത്തില്‍ കൊണ്ടിടുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വിളിച്ച് ചേര്‍ത്ത നാട്ടുകൂട്ടത്തില്‍ തന്റെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി ശിക്ഷിച്ചതിനെ ചോദ്യം ചെയ്തതിനാണ് പട്ടിക ജാതിക്കാരിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഗുണ്ടകള്‍ ബലാത്സംഗം ചെയ്ത് കൊന്നതെന്നാണ് സൂചന.
പെണ്‍കുട്ടിയുടെ കുടുംബം സി പി എം അനുഭാവികളാണ്. പരാതിയെ തുടര്‍ന്ന് അനില്‍ ബര്‍മന്‍, സുബിര്‍ ബര്‍മന്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മറ്റ് 11 പേരെ കൂടി പിടികിട്ടാനുണ്ട്. മുന്‍ കൗണ്‍സിലര്‍ ചന്ദ്രകാന്ത റായിയുടെ അനുയായികളാണ് ഗുണ്ടാസംഘമെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരുടെ വന്‍ പ്രതിഷേധ പ്രകടനം നടന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അനുയായി അനില്‍ ബര്‍മന്‍ ദീര്‍ഘകാലമായി ശത്രുതയിലാണെന്ന് പോലീസ് പറയുന്നു. ബര്‍മന്റെ നിര്‍ദേശ പ്രകാരമാണെത്രെ തര്‍ക്കം പരിഹരിക്കാന്‍ തൃണമൂല്‍ കൗണ്‍സിലര്‍ നമിത റായ് ഗ്രാമസമിതി വിളിച്ചത്. എന്നാല്‍ നമിത യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അവരുടെ ഭര്‍ത്താവും മുന്‍ കൗണ്‍സിലറുമായ ചന്ദ്രകാന്ത റായാണ് സംബന്ധിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സരസ്വതി റായിയുടെ വസതിക്ക് മുന്നിലാണ് യോഗം ചേര്‍ന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണത്രെ അവിടെ കൊണ്ടുവന്നത്. തുടര്‍ന്ന് കുടുംബത്തിന് 40,000 രൂപ പിഴ വിധിക്കുകയും അതില്‍ 4000 രൂപ ഉടനെ നല്‍കണമെന്ന് കല്‍പിക്കുകയുമായിരുന്നു. ഒരു മാസത്തിനകം ഗ്രാമം വിട്ടുപോകാനും അല്ലാത്തപക്ഷം വീടിന് തീയിടുമെന്നും ഭീഷണിപ്പെടുത്തി. കുടുംബത്തെ ക്രൂരമായി കൈയേറ്റം നടത്തുകയുമുണ്ടായി.
ഈ നടപടികളെ അവിടെ വെച്ച് തന്നെ പെണ്‍കുട്ടി ശക്തമായി ചോദ്യം ചെയ്തിരുന്നു. നിലത്ത് തുപ്പി അത് വിഴുങ്ങാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. അതിനിടയില്‍ പെട്ടെന്ന് പെണ്‍കുട്ടിയെ കാണാതായി. രാത്രി മുഴുവന്‍ തിരഞ്ഞിട്ടും ഫലമുണ്ടായില്ല. ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടിയുടെ നഗ്നശരീരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.
റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ജല്‍പൈഗുരി എസ് പി കുനല്‍ അഗര്‍വാള്‍ പറഞ്ഞു. രണ്ട് പേരെ അറസ്റ്റ്‌ചെയ്തതായും അദ്ദേഹം അറിയിച്ചു.

Latest