Connect with us

Kerala

ശശീന്ദ്രന്റെ മരണം ആത്മഹത്യ തന്നെയെന്ന് സി ബി ഐ

Published

|

Last Updated

കൊച്ചി: മലബാര്‍ സിമന്റസ് സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യ തന്നെയെന്ന് സി ബി ഐ. കേസ് അന്വേഷിച്ച സി ബി ഐ തിരുവനന്തപുരം യൂനിറ്റ് ഡി വൈ എസ് പി സലിം സാഹിബ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് ശശീന്ദ്രനും മക്കളും കേസിലെ പ്രതിയായ വി എം രാധാകൃഷ്ണന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. വി എം രാധാകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണ, കുറ്റം ചെയ്യാനുള്ള പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയും കേസിലെ രണ്ടും മൂന്നും പ്രതികളായിരുന്ന മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ എം സുന്ദരമൂര്‍ത്തി, എക്‌സിക്യൂട്ടീവ് സെക്രട്ടറി പി സൂര്യനാരായണന്‍ എന്നിവരെ മാപ്പുസാക്ഷിയാക്കിയുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2011 ജനുവരി 24 നാണ് ശശീന്ദ്രനെയും മക്കളായ വിവേകിനെയും വ്യാസിനെയും പാലക്കാട് കഞ്ചിക്കോട്ടുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെിയത്.
മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട മൂന്ന് അഴിമതി കേസുകളില്‍ സാക്ഷിയായ ശശീന്ദ്രന്‍ ഇത് വെളിപ്പെടുത്തിയാല്‍ രാധാകൃഷ്ണനെ ബാധിക്കുമെന്നതിനാല്‍ ശശീന്ദ്രനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനായി രാധാകൃഷ്ണന്‍ മലബാര്‍ സിമന്റ്‌സിലെ ഉന്നതരെ വരെ ഉപയോഗിച്ചു. മലബാര്‍ സിമന്റ്‌സ് കമ്പനിയിലെ നിയമനം, സ്ഥലം മാറ്റം, സസ്‌പെന്‍ഷന്‍, പര്‍ച്ചസേ് തുടങ്ങി ദൈനംദിന പ്രവര്‍ത്തനങ്ങളിലെല്ലാം രാധാകൃഷ്ണന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടി ശശീന്ദ്രന്‍ മുഖ്യമന്ത്രി, വ്യവസായ മന്ത്രി, പോലീസ്, മലബാര്‍ സിമന്റ്‌സ് വാളയാര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കത്തയച്ചിരുന്നു. ഈ വിവരമറിഞ്ഞ രാധാകൃഷ്ണന്‍ ഭീഷണി തുടര്‍ന്നു. ഇതിന്റെ പേരില്‍ 2010 ആഗസ്റ്റി ല്‍ മാത്രം തുടര്‍ച്ചയായി ഏഴ് മെമ്മോകള്‍ എം ഡി സുന്ദരമൂര്‍ത്തി ശശീന്ദ്രന് നല്‍കി. തുടര്‍ന്ന് 2010 സെപ്തംബറില്‍ ശശീന്ദ്രന്‍ കമ്പനിയില്‍നിന്ന് രാജിവെച്ചെങ്കിലും ഭീഷണി തുടര്‍ന്നു.