Connect with us

Articles

ചരിത്രത്തെ മതേതരവത്കരിച്ച ധിഷണാശാലി

Published

|

Last Updated

കൊളോണിയല്‍ ചരിത്രകാരന്മാര്‍ വര്‍ഗീയവത്കരിച്ച ഇന്ത്യാ ചരിത്രത്തെ മതേതരവത്കരിച്ച ധിഷണാശാലിയായ ചരിത്രകാരനാണ് ബിപിന്‍ ചന്ദ്ര. 86-ാം വയസ്സില്‍ ആധുനിക ഇന്ത്യയുടെ ഈ മഹാനായ ചരിത്രകാരന്‍ തന്റെ കര്‍മോത്സുകമായ ജീവിതം അവസാനിപ്പിച്ചു നമ്മോട് വിട പറഞ്ഞിരിക്കുന്നു. മാര്‍ക്‌സിയന്‍ രീതിശാസ്ത്രം ഉപയോഗിച്ച് ആധുനിക ഇന്ത്യയുടെ ഭൂതകാലത്തെ വിശകലനം ചെയ്ത ചരിത്രകാരന്മാരിലെ ആദ്യ പഥികനായിരുന്നു ബിപിന്‍ചന്ദ്ര.
ചരിത്രത്തിന്റെ ഭൂഖണ്ഡം കണ്ടുപിടിച്ച ആള്‍ എന്നാണ് മാര്‍ക്‌സിനെ അമേരിക്കന്‍ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവിയായ ഫെഡ്രറിക് ജയിംസണ്‍ വിശേഷിപ്പിച്ചത്. മനുഷ്യന്റെ സാമൂഹിക വികാസപരിണാമങ്ങളെ അതിന്റെ നിര്‍ണയനശക്തികളുടെ പഠനത്തിലൂടെ വിശദീകരിക്കുകയാണ് മാര്‍ക്‌സിസം ചെയ്തത്. സംഭവങ്ങളെയും വ്യക്തികളെയുമെല്ലാം ചരിത്രവത്കരിക്കാനാണ് മാര്‍ക്‌സിസം പഠിപ്പിച്ചത്. പുകഴ്ത്തലുകള്‍ക്കും നിരാകരണത്തിനുമിടയില്‍ ചരിത്രഗതിയെ നിര്‍ണയിച്ച ഉത്പാദന ശക്തികളെയും ഉത്പാദന ബന്ധങ്ങളെയും കുറിച്ചുള്ള വിശകലന രീതിയെ സ്ഥാപിച്ചെടുത്തത് മാര്‍ക്‌സിസമാണ്.
ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗീയവത്കരിച്ചത് ബ്രിട്ടീഷുകാരായ ഇന്‍ഡോളജിസ്റ്റുകളായിരുന്നല്ലോ. ജെയിംസ് മില്യനെ പോലുള്ള കൊളോണിയല്‍ ചരിത്രകാരന്മാരാണ് ഇന്ത്യയുടെ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി വിഭജിച്ച് മതവത്കരിച്ചുകൊണ്ടുള്ള ചരിത്ര രചന നടത്തിയത്. “ഭിന്നിപ്പിക്കുക ഭരിക്കുക” എന്ന കൊളോണിയല്‍ തന്ത്രത്തിനുള്ള പ്രത്യയശാസ്ത്ര പരിസരമാണ് കൊളോണിയല്‍ ചരിത്രരചന വഴി സൃഷ്ടിച്ചെടുത്തത്. ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ ഹിന്ദു-മുസ്‌ലിം വര്‍ഗീയ ധ്രുവീകരണത്തിലൂടെ തകര്‍ക്കുക എന്നതായിരുന്നു ബ്രിട്ടീഷ് തന്ത്രം. ബ്രിട്ടീഷുകാരുടെ തോന്നലുകളും ഊഹാപോഹങ്ങളുമായിരുന്നു ഇന്ത്യയുടെ ഭൂതകാല ചരിത്രമായി അവതരിപ്പിക്കപ്പെട്ടത്. യുക്തിരഹിതമായ ഈ ചരിത്ര രചനാരീതിയെയാണ് ബിപിന്‍ ചന്ദ്രയെ പോലുള്ള മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ ചോദ്യം ചെയ്തത്.
കൊളോണിയല്‍ ഇന്ത്യയുടെ സാമൂഹിക വൈരുധ്യങ്ങളെ ശാസ്ത്രീയമായി നിര്‍ധാരണം ചെയ്തുകൊണ്ടാണ് വര്‍ഗീയവത്കരിച്ച ഇന്ത്യാ ചരിത്രത്തെ ബിപിന്‍ ചന്ദ്ര മതേതരവത്കരിച്ചത്. ചരിത്രത്തെ കാവിവത്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ പ്രതിരോധിക്കുന്നതിന് മതേതര ശക്തികള്‍ക്ക് ബിപിന്‍ ചന്ദ്രയുടെ ചരിത്ര പഠനങ്ങളാണ് സഹായകമായത്. സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച ആഴമേറിയ പഠനങ്ങളിലൂടെ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെയും അവരുടെ രാഷ്ട്രീയ പ്രതിനിധികളുടെയും കൊളോണിയല്‍വിരുദ്ധതയുടെ ദൗര്‍ബല്യങ്ങളെ ബിപിന്‍ ചന്ദ്ര അനാവരണം ചെയ്തു. ആധുനിക ഇന്ത്യാ ചരിത്രത്തില്‍ ദേശീയതയെക്കുറിച്ചുള്ള നിലപാടിലൂടെയാണ് ധൈഷണിക രംഗത്ത് ബിപിന്‍ ചന്ദ്ര ശ്രദ്ധേയനാകുന്നത്. അദ്ദേഹത്തിന്റെ ആദ്യ പുസ്തകമാണ് ഇക്കണോമിക് നാഷനലിസം. അതുപോലെ വര്‍ഗീയതയെക്കുറിച്ചുള്ള ഗവേഷണ പഠനഗ്രന്ഥവും.
സംഘപരിവാര്‍ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ എന്നും അനുരഞ്ജനരഹിതമായ നിലപാടാണ് ബിപിന്‍ ചന്ദ്രക്കുണ്ടായിരുന്നത്. ബാബറി മസ്ജിദ് തകര്‍ക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ നീക്കങ്ങളെ ചരിത്രാവലംബങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധിക്കാന്‍ അദ്ദേഹം മുന്നില്‍ തന്നെ നിലകൊണ്ടു. വര്‍ഗീയ ഫാസിസം ചരിത്രത്തെയും വിജ്ഞാനമണ്ഡലങ്ങളെയും അഭൂതപൂര്‍വമായ ഗതിയിലും രീതിയിലും കൈയടക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് ബിപിന്‍ ചന്ദ്രയുടെ അഭാവം വലിയൊരു നഷ്ടം തന്നെയാണ്. എങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ നല്‍കുന്ന ആശയങ്ങളും കാഴ്ചപ്പാടുകളും വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ മതനിരപേക്ഷ ശക്തികള്‍ക്ക് കരുത്ത് നല്‍കും.
വര്‍ഗീയതയെയും തീവ്രവാദത്തെയും അതിന്റെ പ്രഭവകേന്ദ്രമായ മൂലധനതാത്പര്യങ്ങളുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യുകയായിരുന്നു ബിപിന്‍ ചന്ദ്ര. മതത്തിന്റെ ദര്‍ശനപരിസരങ്ങളിലല്ല വര്‍ഗീയതയുടെ കാരണങ്ങള്‍ അനേ്വഷിക്കേണ്ടത്; മൂലധന ബന്ധങ്ങളിലാണ്. വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും സാമ്പത്തിക, രാഷ്ട്രീയ അന്തര്‍ഗതങ്ങളെ പരിശോധിച്ചുകൊണ്ടാണ് മതനിരപേക്ഷ ദേശീയതക്ക് ഭീഷണി, സാമ്രാജ്യത്വവും ഇന്ത്യന്‍ ബൂഷ്വാ വര്‍ഗവുമാണെന്ന് ബിപിന്‍ ചന്ദ്ര ചൂണ്ടിക്കാട്ടുന്നത്. എല്ലാവിധ മത വിദേ്വഷത്തിന്റെയും വര്‍ഗീയസംഘര്‍ഷങ്ങളുടെയും പിറകില്‍ മുതലാളിത്ത പ്രതിസന്ധിയുടെ അതിജീവന ശ്രമങ്ങളുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
സുദീര്‍ഘമായ കൊളോണിയല്‍വിരുദ്ധ സമരങ്ങളിലൂടെ ഇന്ത്യന്‍ ജനത നിര്‍മിരിച്ചെടുത്ത ദേശീയതക്ക് വിരുദ്ധമായ പാതയാണ് ഹിന്ദുത്വശക്തികളുടെതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ദേശീയതയെ സാമ്രാജ്യത്വവിരുദ്ധതയുമായി ബന്ധിപ്പിച്ച് നിര്‍വചിക്കുന്നതിന് എന്നും ആര്‍ എസ് എസ് ബുദ്ധിജീവികള്‍ എതിരായിരുന്നു. ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും ദേവരസും ഇപ്പോള്‍ മോഹന്‍ ഭഗവതും ഇന്ത്യയുടെ ദേശീയ രാഷ്ട്രരൂപവത്കരണത്തെ വികലപ്പെടുത്തുകയും ദേശീയതയെ എന്നും ധ്വംസിക്കുകയും ചെയ്ത കൊളോണിയല്‍ പ്രത്യയശാസ്ത്രത്തിന്റെ സ്തുതിപാഠകരായിരുന്നു. മുസ്‌ലിംവിരുദ്ധതയെ സാമ്രാജ്യത്വവിരുദ്ധതക്ക് പകരം വെക്കുന്ന സംസ്‌കാരസംഘര്‍ഷത്തിന്റെതായ വീക്ഷണങ്ങളാണ് സംഘപരിവാറിനുള്ളത്. ഗോള്‍വാള്‍ക്കറും ദീനദയാല്‍ ഉപാധ്യയും സാമ്രാജ്യത്വ വിരുദ്ധതക്ക് പകരമായി ദേശീയതയെക്കുറിച്ച് “ഭാവാത്മകവും സംരചനാത്മകവും” എന്നൊക്കെയുള്ള നിര്‍വചനക്കസര്‍ത്തുകള്‍ നടത്തുകയായിരുന്നു. വര്‍ഗീയതക്ക് കൊളോണിയല്‍ പ്രത്യയശാസ്ത്ര ഉള്ളടക്കമാണുള്ളത് എന്ന കാര്യമാണ് ബിപിന്‍ ചന്ദ്ര ഇന്ത്യന്‍ വര്‍ഗീയതയെക്കുറിച്ചുള്ള തന്റെ പഠനങ്ങളിലൂടെ വ്യക്തമാക്കിയത്. ഓറിയന്റലിസ്റ്റുകളായ ചരിത്രകാരന്മാരും സാമൂഹിക ശാസ്ത്രജ്ഞരും രൂപപ്പെടുത്തിയ ഭൂതകാലത്തെക്കുറിച്ചുള്ള മിഥ്യാഭിമാനം വളര്‍ത്തുന്ന ചരിത്രരചനാ രീതിയെ കടന്നാക്രമിച്ചുകൊണ്ടാണ് തന്റെ അപഗ്രഥനങ്ങള്‍ ബിപിന്‍ ചന്ദ്ര അവതരിപ്പിച്ചത്.
ഹിന്ദു വര്‍ഗീയതയെ ഫാസിസ്റ്റ് ശക്തിയായി വിലയിരുത്തിയ ബിപിന്‍ അതിനെതിരായ എല്ലാ ദേശീയ ശക്തികളുടെയും വിശാലമായ ഐക്യമാണ് വിഭാവനം ചെയ്തത്. സംഘപരിവാറിന്റെ അസഹിഷ്ണുതക്കും കുതന്ത്രങ്ങള്‍ക്കുമെതിരെ അതിശക്തമായി അദ്ദേഹം പ്രതികരിച്ചു. അങ്ങനെ കാവിപ്പടയുടെ നോട്ടപ്പുള്ളിയായി ബിപിന്‍ ചന്ദ്ര മാറിയിരുന്നു. കായികമായി നേരിടുമെന്നുവരെ സംഘപരിവാര്‍ ശക്തികള്‍ ഭീഷണി മുഴക്കി. അദ്ദേഹത്തിന്റെ ചരിത്രകൃതികള്‍ പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കിക്കൊണ്ട് സംഘപരിവാര്‍ ശക്തികള്‍ നിരന്തരം വേട്ടയാടി. മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന്റെ വളര്‍ച്ചക്ക് തടസ്സം നില്‍ക്കുന്ന എല്ലാ വര്‍ഗീയ പ്രവണതകളെയും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തു. വര്‍ഗീയഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ ബിപിന്‍ ചന്ദ്രയുടെ ചരിത്ര സമീപനങ്ങളും ദര്‍ശനങ്ങളും പുരോഗമനശക്തികള്‍ക്ക് എന്നും ഇന്ധനമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Latest