Connect with us

Editorial

കണ്ണൂരിനെ ഇനിയും ചോരക്കളമാക്കരുത്

Published

|

Last Updated

ടി പി ചന്ദ്രശേഖര്‍ വധത്തോടെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും പ്രഖ്യാപനം ഒരു വട്ടം കൂടി വൃഥാവിലായിരിക്കയാണ്. ഒരാഴ്ചക്കുള്ളില്‍ കണ്ണൂരില്‍ രണ്ട് പേരുടെ ജീവനാണ് പകപോക്കല്‍ രാഷ്ട്രീയത്തില്‍ നഷ്ടമായത്. സംഘ്പരിവാറില്‍ നിന്ന് സി പി എമ്മിലേക്കും മറിച്ചുമുള്ള സമീപകാലത്തെ കൂറുമാറ്റവും ഇതേതുടര്‍ന്നുളവായ നേതാക്കളുടെ പ്രസ്താവനാ യുദ്ധവുമാണിപ്പോള്‍ കണ്ണൂരില്‍ വീണ്ടും അശാന്തിയും സംഘര്‍ഷങ്ങളും സൃഷ്ടിച്ചത്. ആര്‍ എസ് എസ് ജില്ലാ ശാരീരിക് പ്രമുഖ് മനോജ് വധത്തിന്റെ സന്ദര്‍ഭവും സ്വഭാവവും സംഭവത്തോടുള്ള സംഘ്പരിവാറിന്റെ പ്രതികരണവുമെല്ലാം പഴയ ആര്‍ എസ് എസ്- സി പി എം സംഘര്‍ഷത്തിന്റെ ഭീതിജനകമായ നാളുകളെ ഓര്‍മിപ്പിക്കുന്നതാണ്.
അണികളുടെ കൂറുമാറ്റം കണ്ണുരിലെ ബിജെ പി, സി പി എം നേതൃത്വങ്ങളില്‍ സൃഷ്ടിച്ച കടുത്ത അസ്വസ്ഥതയും പിരിമുറുക്കവും അവരുടെ പ്രസ്താവനകളില്‍ പ്രകടമാണ്. ഇത്തരം സന്ദര്‍ഭങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കാന്‍ ശീലിച്ചവരല്ല അവിടുത്തെ ഈ രണ്ട് പ്രസ്ഥാനങ്ങളും. പാര്‍ട്ടിയില്‍ നിന്ന് അണികള്‍ കൊഴിയുമ്പോള്‍ കൊന്നൊടുക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചും പ്രതിരോധിക്കുന്ന ശൈലിയാണിവര്‍ക്ക് പരിചയം. അതിനിടെയാണ് ആഗസ്ത് 24ന് സി പി എം വിട്ടു ബി ജെ പിയില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം നല്‍കാനായി സംഘടിപ്പിച്ച ചടങ്ങില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ പ്രകോപനപരമായ പ്രസംഗമുണ്ടായത്. ബി ജെ പി പ്രവര്‍ത്തകരെ ശാരീരികമായി അക്രമിച്ചാല്‍ സി പി എമ്മിന്റെ നേതാക്കള്‍ക്കായിരിക്കും തിരിച്ചടിയെന്നായിരുന്നു പ്രഖ്യാപനം. ഇതിനുള്ള സി പി എമ്മിന്റെ മറുപടിയാണ് മനോജിന്റെ കൊലപാതകമെന്നാണ് ഒരു വിലയിരുത്തല്‍. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് മനോജ്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ, സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് എന്നിങ്ങനെ സംഘപരിവാറിന്റെ ദേശീയ നേതാക്കളുടെ സാന്നിധ്യം സംസ്ഥാനത്ത് ഉള്ളപ്പോഴാണ് സംഭവമെന്നതും യാദൃശ്ചികമാകാനിടയില്ല. എന്നാല്‍ പാര്‍ട്ടിക്ക് ഇതിലൊരു പങ്കുമില്ലെന്നാണ് സി പി എം ജില്ലാ ഘടകത്തിന്റെ വിശദീകരണം.
മനോജ് വധക്കേസ് പ്രതികളെ നിയമത്തിന്റെ വഴിക്ക് വിട്ട് കണ്ണുരിലെ ആര്‍ എസ് എസുകാര്‍ വെറുതെയിരിക്കില്ലെന്ന് ആ പ്രസ്ഥാനത്തിന്റെ മുന്‍കാല ചരിത്രം ബോധ്യപ്പെടുത്തുന്നുണ്ട്. പകയും ക്രൂരതയും അടിക്ക് അടിയും വെട്ടിന് വെട്ടുമാണ് അവരുടെയും ശൈലി. പതുക്കെപ്പതുക്കെ സമാധാനാന്തരീക്ഷത്തിലേക്ക് മടങ്ങുകയായിരുന്ന കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ ഭീകരത ഇടം നേടാതിരിക്കുന്നതിന് അതീവ ജാഗ്രത ആവശ്യമാണ്. അനിഷ്ടകരമായ തുടര്‍സംഭവങ്ങളുണ്ടാകാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍വോപരി ശക്തിപ്പെടുത്തുകയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വേണം. നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണത്തിലൂടെ മനോജിന്റെ ഘാതകരെയും ആസൂത്രകരെയും കണ്ടെത്തി നിയമത്തിന്റെ മുമ്പിലെത്തിക്കുകയും ചെയ്യണം. എന്നാല്‍ കുറ്റാന്വേഷണ സംവിധാനങ്ങളെ രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണമാക്കുകയുമരുത്.
എതിര്‍ ചേരികളോട് ആശയപരമായി ഏറ്റുമുട്ടുന്നതിന് പകരം കായികമായി നേരിടുന്ന ശൈലിയാണിന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പൊതുവെ കണ്ടുവരുന്നത്. സി പി എമ്മും സംഘ്പരിവാറും മാത്രമല്ല, ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയും ഇതിനപവാദമല്ല. തങ്ങളുടെ കരങ്ങളില്‍ രാഷ്ട്രീയ കൊലപാതകത്തിന്റെ ചോര പുരണ്ടിട്ടില്ലെന്ന് സത്യസന്ധമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്ന് സംസ്ഥാനത്തുള്ളത്? രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനായി ബോംബ് നിര്‍മിക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടുന്നത് രാഷ്ട്രീയ മേഖലകളില്‍ സാധാരണമാണല്ലോ. രാഷ്ട്രീയ കൊലപാതകങ്ങളെ വില്‍പനച്ചരക്കാക്കുകയും രക്തസാക്ഷികളുടെ എണ്ണപ്പെരുപ്പം മുഖ്യ ആയുധമാക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രചാരണ ശൈലിയും നമുക്ക് സുപരിചിതമാണ്. ഇത്തരം വഴിവിട്ട പ്രവര്‍ത്തന രീതി കൈവെടിഞ്ഞു സമാധാനപരമായ പ്രവര്‍ത്തനങ്ങളിലേക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മടങ്ങണം. അതിന് വിമുഖത കാണിക്കുന്ന പ്രസ്ഥാനങ്ങളെ നിരാകരിക്കാനുള്ള ആര്‍ജവം സമൂഹത്തിലും വളര്‍ന്നു വരേണ്ടതുണ്ട്.