Connect with us

International

പാക് പ്രതിസന്ധി: സുപ്രീം കോടതി രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദേശം തേടി

Published

|

Last Updated

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതി രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം തേടി. ചീഫ് ജസ്റ്റിസ് നസിറുല്‍ മുല്‍ക് തലവനായ അഞ്ചംഗ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നതെന്ന് ഡോണ്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ക്കായി എല്ലാ പാര്‍ട്ടികള്‍ക്കും സമന്‍സ് അയക്കണമെന്നാവശ്യപ്പെട്ട് സുല്‍ഫിഖര്‍ നഖ്‌വി എന്നയാള്‍ നല്‍കിയ ഹരജിയെത്തുടര്‍ന്ന് ഈ മാസം രണ്ടിന് എല്ലാ പാര്‍ട്ടികള്‍ക്കും കോടതി നോട്ടീസയച്ചിരുന്നു. പാക്കിസ്ഥാന്‍ അവാമി തെഹ്‌രീകും പാക്കിസ്ഥാന്‍ തെഹിരീക് ഇന്‍സാഫും ചേര്‍ന്ന് പാര്‍ലിമെന്റിലെ പാര്‍ക്കിംഗ് പ്രദേശം കൈയടക്കിവെച്ചിരിക്കുകയാണെന്നും ഇവിടം ഒഴിപ്പിക്കാന്‍ ഉത്തരവിടണമെന്നും കേസില്‍ വാദത്തിനിടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അഭിഭാഷകന്‍ അയിതാസ് അഹ്‌സാന്‍ കോടതിയോടഭ്യര്‍ഥിച്ചു. അതേ സമയം പാര്‍ലിമെന്റ് ഏരിയയും പാകിസ്ഥാന്‍ സെക്രട്ടേറയറ്റും ഒഴിയാനുള്ള പരിഹാരത്തിലെത്താമെന്ന് പതിഷേധ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്തുകൊണ്ട് അവാമി മുസ്‌ലിം ലീഗ് പ്രസിഡന്റ് കോടതിക്ക് ഉറപ്പ് നല്‍കി. പ്രതിഷേധത്തിനിടെ സാമ്പത്തിക നഷ്ടമുണ്ടായവരുടെ പട്ടിക സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി അറ്റോണി ജനല്‍ സല്‍മാന്‍ അസ്‌ലാം ഭട്ടിനോട് ആവശ്യപ്പെട്ടു. കേസ് കോടതി നാളെ പരിഗണിക്കും.