മാലിയില്‍ സ്‌ഫോടനം: യു എന്‍ ദൗത്യ സംഘത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു

Posted on: September 3, 2014 11:54 pm | Last updated: September 3, 2014 at 11:54 pm
SHARE

bomb...ബാംകോ: മാലിയില്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് യു എന്‍ സമാധാന സംഘത്തിലെ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ചാഡില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട സമാധാന പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളും വിമതരും തമ്മില്‍ പുരോഗമിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് മേല്‍ ഈ സംഭവം കരിനിഴല്‍ വീഴ്ത്തുമെന്നു ഭയപ്പെടുന്നു. മാലി സര്‍ക്കാറും ആറ് സായുധ വിമത ഗ്രൂപ്പുകളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ച് ഒരു ദിവസം കഴിയുമ്പോഴാണ് സ്‌ഫോടനത്തെ തുടര്‍ന്ന് നാല് സമാധാന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. അല്‍ജീരിയയുടെ തലസ്ഥാന നഗരിയില്‍ വെച്ചാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
സ്‌ഫോടനത്തില്‍ ചാഡില്‍ നിന്നുള്ള നാല് സമാധാന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും മറ്റു 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യു എന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് വ്യക്തമാക്കി. പരുക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. മാലിയിലെ കിദല്‍ പ്രവിശ്യയില്‍ വെച്ച് സംഘം സഞ്ചരിച്ചിരുന്ന വാഹനം റോഡരികില്‍ സ്ഥാപിച്ച ബോംബില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അഗാധ ദുഖം രേഖപ്പെടുത്തി. മാലിയിലെ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ താത്പര്യങ്ങളെ പൂര്‍ണമായി പിന്തുണക്കുന്ന യു എന്‍ സമാധാന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2012മുതല്‍ മാലിയില്‍ സംഘര്‍ഷം പുകയുകയാണ്. ഗോത സംഘങ്ങള്‍ സര്‍ക്കാറിനെതിരെ ശക്തമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന വര്‍ഷങ്ങളായുള്ള സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് നിരവധി അറബ് രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here