Connect with us

International

ഹമാസിന്റെ നിശ്ചയദാര്‍ഢ്യം തിരിച്ചറിയാനാവാത്തത് വിനയായെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

തെല്‍അവീവ്: 50 ദിവസം നീണ്ടുനിന്ന യുദ്ധത്തിലും തളരാതെ പിടിച്ചുനിന്ന ഗാസയിലെ പോരാളികളുടെ നിശ്ചയദാര്‍ഢ്യത്തെ ഇസ്‌റാഈല്‍ വിലകുറച്ചു കണ്ടുവെന്ന് മുതിര്‍ന്ന സൈനിക ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഗാസക്ക് നേരെ നടന്ന യുദ്ധം ഇത്രയധികം ദിവസം നീണ്ടുനില്‍ക്കുമെന്ന് ഇസ്‌റാഈല്‍ പ്രതീക്ഷിച്ചില്ലായിരുന്നുവെന്നും സൈനിക ഉദ്യോഗസ്ഥന്‍ തുറന്ന് സമ്മതിക്കുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ കഴിഞ്ഞ ആഴ്ചയാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്‌റാഈലും ഹമാസും മുന്നോട്ടുവന്നത്. യുദ്ധത്തില്‍ 2,100ലധികം ഫലസ്തീനികളും 66 ഇസ്‌റാഈല്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ ഇസ്‌റാഈലുകാരായ ആറ് പൗരന്‍മാരും യുദ്ധത്തിനിടെ കൊല്ലപ്പെട്ടു.
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിനിടെയാണ് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രണ്ട് മാസം മുമ്പായിരുന്നു താങ്കളുടെ ഈ ചോദ്യമെങ്കില്‍, യുദ്ധം രണ്ട് മാസം നീണ്ടുനില്‍ക്കുമെന്ന് താന്‍ പറയില്ലായിരുന്നു. എന്തായാലും ഇസ്‌റാഈലിന് ഇക്കാര്യത്തില്‍ പിഴവ് സംഭവിച്ചു. ഇതൊരു യുദ്ധ തന്ത്രവുമായി ബന്ധപ്പെട്ട പിഴവാണ്. പക്ഷേ യുദ്ധത്തില്‍ വലിയ പിഴവ് തന്നെയാണ് ഇസ്‌റാഈലിന് സംഭവിച്ചിരിക്കുന്നത്. ചില ഹമാസ് പോരാളികളുടെ പരിശീലനം തന്നെ അത്ഭുതപ്പെടുത്തി. അതേസമയം ഇസ്‌റാഈല്‍ സൈന്യത്തിന് ഈ യുദ്ധത്തില്‍ ഒന്നും നേട്ടമായി അനുഭവപ്പെട്ടിട്ടില്ല. ഹമാസ് പോരാളികള്‍ നല്ല പരിശീലനം ലഭിച്ചവരായിരുന്നു. കരയിലും കടലിലും പോരാടാന്‍ ശേഷിയുള്ളവരാണ് ഇസ്‌റാഈലിന്റെ കടല്‍ തീരങ്ങളില്‍ ആക്രമണം നടത്തിയത്. എന്തായാലും ഇവര്‍ക്ക് ഗാസക്ക് പുറത്തുനിന്ന് പരിശീലനം ലഭിച്ചു എന്ന് ഉറപ്പിച്ചു പറയാമെന്നും സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം 26നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. യു എന്‍ കണക്കനുസരിച്ച് യുദ്ധത്തില്‍ മരിച്ച ഫലസ്തീനികളില്‍ 70 ശതമാനവും സാധാരണക്കാരാണ്.

 

Latest