മംഗള്‍യാന്‍ ലക്ഷ്യത്തിലെത്താന്‍ 22 ദിനങ്ങള്‍ കൂടി

Posted on: September 3, 2014 11:25 pm | Last updated: September 3, 2014 at 11:25 pm
SHARE

mangalyanബാംഗ്ലൂര്‍: ഇന്ത്യയുടെ പര്യവേഷണ വാഹനമായ മംഗള്‍യാന്‍ ലക്ഷ്യത്തിലെത്താന്‍ ഇനി 22 ദിനങ്ങള്‍ മാത്രം. ഉപഗ്രഹത്തിന്റെ ബഹിരാകാശ യാത്ര ഇതിനകം 300 ദിനങ്ങള്‍ പിന്നിട്ടതായി ഐ എസ് ആര്‍ ഒ അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 24ന് രാവിലെ 7.14 മംഗള്‍യാനെ ചൊവ്വാഭ്രമണ പഥത്തില്‍ പ്രവേശിപ്പിക്കാനാണ് ഐ എസ് ആര്‍ ഒ പദ്ധതിയിട്ടിരിക്കുന്നത്. സൗരകേന്ദ്രീകൃത ഭ്രമണപഥത്തില്‍ ഇതുവരെ 62.2 കോടി കിലോമീറ്റര്‍ ദൂരം താണ്ടിയ ഉപഗ്രഹം ലക്ഷ്യത്തിലെത്തും മുമ്പ് ആകെ 68 കോടി കിലോമീറ്റര്‍ സഞ്ചരിക്കും.

2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പി എസ് എല്‍ വി സി-25 ഉപയോഗിച്ചാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. കഴിഞ്ഞ 10 മാസമായി ഉപഗ്രഹത്തില്‍ നിഷ്‌ക്രിയമായിരുന്ന ലിക്വിഡ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചായിരിക്കും 24ന് ചൊവ്വാ ഭ്രമണ പഥത്തിലേക്ക് ഉപഗ്രഹത്തെ പ്രവേശിപ്പിക്കുന്നത്.