Connect with us

Gulf

ഭീമമായ കെട്ടിട വാടക; പ്രവാസികളുടെ നടുവൊടിക്കുന്നു

Published

|

Last Updated

ഷാര്‍ജ: ഭീമമായ കെട്ടിട വാടക വര്‍ധനവ് തുച്ഛവരുമാനക്കാരായ പ്രവാസി താമസക്കാരുടെ നടുവൊടിക്കുന്നു. വാടക വര്‍ധനവ് താങ്ങാനാകാതെ സാധാരണക്കാര്‍ വിഷമിക്കുകയാണ്. ഷാര്‍ജയില്‍ കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ താമസിക്കുന്നിടങ്ങളില്‍ ബെഡ് സ്‌പെയ്‌സിനു പ്രതിമാസം 500 ദിര്‍ഹം വരെയാണ് വാടക. എവിടെയും 350, 400 ദിര്‍ഹത്തില്‍ കുറഞ്ഞ ബെഡ് സ്‌പെയ്‌സ് കിട്ടാത്ത അവസ്ഥയാണ്. നല്ലൊരു കെട്ടിടത്തില്‍ ബെഡ് സ്‌പെയ്‌സ് ലഭിക്കണമെങ്കില്‍ 500 ദിര്‍ഹമാണ് ആവശ്യപ്പെടുന്നത്.
ഷാര്‍ജയിലെ കെട്ടിട വാടക കേട്ടാല്‍ ആരും ഞെട്ടും. രാജ്യത്തിന്റെ വാണിജ്യ കേന്ദ്രമായ ദുബൈയില്‍ നേരത്തെതന്നെ ഭീമമായ വാടകയാണ് ബെഡ് സ്‌പെയ്‌സിനു നല്‍കേണ്ടിവരുന്നത്. ഷാര്‍ജയില്‍ കെട്ടിട വാടക ഇത്ര കണ്ടു വര്‍ധിക്കുന്നത് ഇതാദ്യമായാണ്. ആര്‍ക്കും താങ്ങാവുന്ന വാടകയായിരുന്നു എമിറേറ്റില്‍. ഫഌറ്റുകളും വില്ലകളും കുറഞ്ഞ നിരക്കില്‍ യഥേഷ്ടം ലഭിച്ചിരുന്നു. അതു കൊണ്ടുതന്നെ ദുബൈയില്‍ വാടക വര്‍ധനവ് ഉണ്ടായപ്പോള്‍ കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍, പ്രത്യേകിച്ച് കുടുംബങ്ങള്‍ താമസ ഇടം തേടിയെത്തിയത് ഷാര്‍ജയിലേക്കായിരുന്നു.
അയല്‍ എമിറേറ്റില്‍ നിന്നു താമസക്കാരുടെ ഒഴുക്ക് കൂടിയതോടെ കെട്ടിട നിര്‍മാണ മേഖലയില്‍ വന്‍ കുതിപ്പാണുണ്ടായത്. ദുബൈയോട് ചേര്‍ന്നു കിടക്കുന്ന അല്‍ നഹ്ദ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വന്‍കിട പാര്‍പ്പിട സമുച്ഛയങ്ങളാണ് ഉയര്‍ന്നത്. താമസക്കാരുടെ എണ്ണം കൂടിയതോടെ വാടകയിലും വന്‍ വര്‍ധനവ് ഉണ്ടായി. എന്നാല്‍ താങ്ങാന്‍ പറ്റാത്ത തോതില്‍ വാടക വര്‍ധിച്ചതോടെ നിരവധി കുടുംബങ്ങള്‍ കുറഞ്ഞ വാടകയുള്ള സ്ഥലങ്ങളിലേക്ക് താമസം മാറ്റി.
എന്നാല്‍, മിക്കയിടങ്ങളിലും വന്‍തോതിലാണ് വാടക വര്‍ധിച്ചിരിക്കുന്നത്. ഫഌറ്റുകള്‍ക്കു നിലവിലുള്ളതിന്റെ ഇരട്ടിയും അതിലധികവും വാടക വര്‍ധിച്ചു. ഇതോടെയാണ് സാധാരണക്കാരായ പ്രവാസികളുടെ താമസവും പ്രതിസന്ധിയിലായത്. ഒരു വര്‍ഷം മുമ്പ് വരെ 200 ദിര്‍ഹമില്‍ താഴെ മതിയായിരുന്നു ബെഡ് സ്‌പെയ്‌സിന്. ഈ തുക തുച്ഛ വരുമാനക്കാര്‍ക്കു താങ്ങാന്‍ പറ്റുന്നതുമായിരുന്നു. ബെഡ് സ്‌പെയ്‌സിനു പോലും വാടക കൂടിയ സാഹചര്യത്തില്‍ എങ്ങിനെ ഇവിടെ ജീവിക്കാന്‍ സാധിക്കുമെന്നാണ് പ്രവാസികള്‍ ചിന്തിക്കുന്നത്.
വാടക വര്‍ധനവ് മൂലം ഏറെ വിഷമത്തിലായത് നിര്‍മാണ മേഖലയിലും വിവിധ വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരാണ്. കുറഞ്ഞ വരുമാനക്കാരാണ് ഇവരിലധികവും. അവശ്യ വസ്തുക്കള്‍ക്കു പൊതുവെ വില വര്‍ധനവുണ്ട്. ഇതിനു പുറമെ പാചകവാതകത്തിനും ഇടക്കിടെ വിലകൂടുകയാണ്. ജീവിതം തള്ളി നീക്കാന്‍ പാടുപെടുന്നതിനിടെയാണ് ഭീമമായ വാടക വര്‍ധനവ് കൂടി താങ്ങേണ്ടിവന്നിരിക്കുന്നത്. ഇതാകട്ടെ കുടുംബ ചെലവ് താളം തെറ്റിച്ചിരിക്കുകയാണ്.
അതേസമയം, വരുമാനത്തില്‍ വലിയ വര്‍ധനവൊന്നും ഉണ്ടാകുന്നില്ലെന്ന് ചില പ്രവാസികള്‍ പരാതിപ്പെട്ടു. നേരത്തെ ലഭിച്ചുകൊണ്ടിരിക്കുന്നവയില്‍ നാമമാത്രമായ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇതു കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസമാണെന്നും അവര്‍ പരിതപിക്കുന്നു. താമസ വാടക കൂടിയതോടെ താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കുന്ന ജോലി പലരും ആഗ്രഹിച്ചു തുടങ്ങിയിട്ടുണ്ട്.
ഭക്ഷണ ശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രത്യേകിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും സൗജന്യമാണ്. ഇതിനു പുറമെയാണ് നിശ്ചിത തുക ശമ്പളമായി നല്‍കുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളിലെ ജോലിയാണ് അഭികാമ്യമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
ജോലി ഭാരത്തെത്തുടര്‍ന്നു ഭക്ഷണ ശാലകളിലും ഗ്രോസറികളിലും മറ്റും ജോലിക്കാരെ കിട്ടാത്ത സാഹചര്യമുണ്ട്. മലയാളി യുവാക്കളാരും ഈ മേഖലയിലേക്കു ജോലിക്കു വരുന്നില്ല. ഇതേ തുടര്‍ന്ന് ബംഗ്ലാദേശികളുള്‍പ്പെടെയുള്ളവരെയാണ് ജോലിക്കുനിര്‍ത്തുന്നത്. അതിനിടെ വാടക വര്‍ധനവ് ഉണ്ടെങ്കിലും ആവശ്യത്തിനു താമസ സൗകര്യം ലഭിക്കാത്ത സ്ഥിതിയും എമിറേറ്റിന്റെ ചിലഭാഗങ്ങളിലുണ്ട്.

Latest