ഇ എം ഇ എ റിപ്പോര്‍ട്ട് ഖലീഫ പോര്‍ട്ടിന് അഞ്ചാം സ്ഥാനം

Posted on: September 3, 2014 8:16 pm | Last updated: September 3, 2014 at 8:16 pm
SHARE

port1_21082012അബുദാബി: ഇ എം ഇ എ (യൂറോപ്പ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക)യുടെ ജേര്‍ണല്‍ ഓഫ് കൊമേഴ്‌സ് 2013 റാങ്കിംഗില്‍ ഖലീഫ പോര്‍ട്ടിന് അഞ്ചാം സ്ഥാനം. തുറമുഖത്തിന്റെ ഉത്പാദനക്ഷമതയെ പരിഗണിച്ചാണ് ഇ എം ഇ എ റാങ്കിംഗ് പട്ടിക തയ്യാറാക്കുന്നത്. രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖം കൂടിയാണ് ഉയര്‍ന്ന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഖലീഫ പോര്‍ട്ട് കണ്ടയ്‌നര്‍ ടെര്‍മിനല്‍.
രാജ്യാന്തര തലത്തില്‍ വ്യാപാര രംഗത്തെ വളര്‍ച്ചയെക്കുറിച്ച് ഗവേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സ്ഥാപനമാണ് ജേര്‍ണല്‍ ഓഫ് കൊമേഴ്‌സ്. ഓരോ കപ്പലിലും ഓരോ മണിക്കൂറിലും എത്ര ചരക്ക് നീക്കം നടക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജേര്‍ണല്‍ ഓഫ് കൊമേഴ്‌സ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കൂറ്റന്‍ കണ്ടയിനറുകളില്‍ നിന്ന് ചെറിയ കപ്പലുകളിലേക്കും മറ്റും എത്ര ചരക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും ഈ ഗവേഷണ സ്ഥാപനം പഠന വിധേയമാക്കാറുണ്ട്.
രാജ്യാന്തര റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്ത് എത്താന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി ഖലീഫ പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അബുദാബി ടെര്‍മിനല്‍ ചീഫ് എക്‌സിക്യട്ടീവ് ഓഫീസര്‍ മാര്‍ട്ട് ജിന്‍ വാന്‍ ഡി ലിണ്ടേ വ്യക്തമാക്കി. തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച ആദ്യ വര്‍ഷത്തില്‍ തന്നെ ഇത്തരം ഒരു നേട്ടം ഏറെ പ്രോത്സാഹജനകമാണ്. സ്റ്റോര്‍ ക്രെയിനുകളും സ്റ്റെയിക്കിംഗ് ക്രെയിനുകളും സ്ട്രാഡില്‍ കാരിയറുകളുമാണ് തുറമുഖത്തെ ചരക്കു നീക്കങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്.
ആവശ്യമായ തോതില്‍ റോഡ് സൗകര്യം ഉള്ളത് തുറമുഖത്തിന് ചുറ്റും ഗതാഗതക്കുരുക്ക് ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. ഭാവിയില്‍ റയില്‍ സൗകര്യവും വരുന്നതോടെ ചരക്കുനീക്കം കൂടുതല്‍ വേഗം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.