Connect with us

Gulf

ഷാര്‍ജ പോലീസ് ലൈസന്‍സിംഗ് വിഭാഗം വൈകുന്നേരവും പ്രവര്‍ത്തിക്കും

Published

|

Last Updated

ഷാര്‍ജ: പൊതുജനങ്ങളുടെ വര്‍ധിച്ച ആവശ്യം പരിഗണിച്ച് ഷാര്‍ജ പോലീസിലെ ഡ്രൈവിംഗ് ലൈസന്‍സിംഗ് വിഭാഗം ഇനി മുതല്‍ വൈകുന്നേരവും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
പോലീസിന്റെ സേവനങ്ങള്‍ കൂടുതല്‍ കുറ്റമറ്റതും പൊതുജനോപകാരപ്രദവുമാക്കുന്നതിന്റെ ഭാഗമാണ് ലൈസന്‍സിംഗ് വിഭാഗം വൈകുന്നേരവും പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം എട്ട് വരെയാണ് ലൈസന്‍സിംഗ് വിഭാഗം പ്രവര്‍ത്തിക്കുക.
ഷാര്‍ജ പോലീസിലെ ലൈസന്‍സിംഗ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ ഹുല്‍വ് അറിയിച്ചതാണിത്. ലൈസന്‍സിംഗ് വിഭാഗത്തിന്റെ ആസ്ഥാനത്ത് സ്ഥാപിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാനുള്ള പെട്ടിയില്‍ അടുത്തകാലത്തായി ധാരാളമാളുകള്‍ എഴുതി അറിയിച്ചത് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്നായിരുന്നു. നിരന്തരമുള്ള ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് വൈകുന്നേരം എട്ട് വരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
രാജ്യത്തെ ഭരണാധികാരികള്‍ പ്രഖ്യാപിച്ചതനുസരിച്ച് ഏറ്റവും മെച്ചപ്പെട്ട സേവനങ്ങളാണ് ലൈസന്‍സിംഗ് വിഭാഗം ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.
വൃദ്ധന്‍, അംഗവൈകല്യമുള്ളവര്‍, യാത്രക്ക് പ്രയാസം നേരിടുന്ന രോഗികള്‍, സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ കഴിയുന്നവര്‍, ജയില്‍ വാസികള്‍ തുടങ്ങിയവര്‍ക്ക് ലൈസന്‍സിംഗ് വിഭാഗത്തിന്റെ 80060000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ആവശ്യം അറിയിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഇത്തരക്കാരുടെ കേന്ദ്രങ്ങളില്‍ എത്തും. ആവശ്യമായ രേഖകള്‍ സ്വീകരിച്ച് കാര്യങ്ങള്‍ ശരിയാക്കി തിരികെ ഉടമസ്ഥര്‍ക്ക് എത്തിച്ചു കൊടുക്കുന്ന സേവന കേന്ദ്രം പ്രവര്‍ത്തി ക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

Latest