ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്ന 9,093 വാഹനങ്ങള്‍ പിടികൂടി

Posted on: September 3, 2014 8:06 pm | Last updated: September 3, 2014 at 8:06 pm
SHARE

അബുദാബി: ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്ന 9,093 വാഹനങ്ങള്‍ പിടികൂടിയതായി അബുദാബി ട്രാഫിക് വിഭാഗം അറിയിച്ചു. അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ ആംബുലന്‍സുകള്‍പ്പെടെയുള്ള പോലീസ് വാഹനങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ള താണ് പൊതു നിരത്തുകളിലെ ഷോള്‍ഡര്‍ ലൈന്‍.
ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞ ആഗസ്റ്റ് അവസാനം വരെയുള്ള എട്ട് മാസങ്ങളിലെ കണക്കാണിത്. പൊതു നിരത്തുകളില്‍ പോലീസ് സ്ഥാപിച്ച സ്ഥിരം നിരീക്ഷണ കാമറകള്‍ക്കു പുറമെ താത്ക്കാലിക കാമറകളും ചേര്‍ന്ന് പിടികൂടിയതാണ് ഇത്രയും കേസുകള്‍.
അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലേക്ക് അവശ്യ സേവനങ്ങള്‍ക്കായി എത്താന്‍ ആംബുലന്‍സിനും മറ്റു പോലീസ് വാഹനവ്യൂഹങ്ങള്‍ക്കും അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്കും മാത്രം ഉപയോഗിക്കാന്‍ ഒഴിച്ചിടേണ്ടതാണ് പൊതു നിരത്തുകളിലെ ഷോള്‍ഡര്‍ ലൈനുകള്‍. ഇതിലൂടെ മറികടക്കുന്നവര്‍ വന്‍തുക പിഴയടക്കുന്നതുള്‍പ്പെടെ ഗുരുതരമായ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.