അബുദാബി വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തില്‍ 21.7 ശതമാനം വര്‍ധനവ്

Posted on: September 3, 2014 8:03 pm | Last updated: September 3, 2014 at 8:03 pm
SHARE

uae-59941അബുദാബി: ജൂലൈ മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 21.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി അബുദാബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. 2013 ജുലൈ മാസവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഭീമമായ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 17,03,995 യാത്രക്കാരാണ് ഈ വര്‍ഷം ജൂലൈയില്‍ അബുദാബി വിമാനത്താവളം വഴി കടന്നുപോയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 13,99,695 യാത്രക്കാരായിരുന്നു വിമാനത്താവളത്തില്‍ എത്തിയത്. വിമാനങ്ങളുടെ നീക്കത്തിലും 16.1 ശതമാനം വര്‍ധനവ് ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 13,188 നീക്കങ്ങളാണ് വിമാനത്താവളത്തില്‍ നടന്നത്. ചരക്കു നീക്കം 67,456 മെട്രിക് ടണ്ണായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5.7 ശതമാനത്തിന്റെ വര്‍ധനവ് ചരക്കു നീക്കത്തിലും സംഭവിച്ചിട്ടുണ്ട്.
ഓരോ വര്‍ഷത്തിലും യാത്രക്കാരുടെ എണ്ണത്തില്‍ ഉള്‍പ്പെടെ വിമാനത്താവളം വര്‍ധനവ് രേഖപ്പെടുത്തി വരികയാണെന്ന് സി ഇ ഒ അഹമ്മദ് അല്‍ ഹദ്ദാബി വ്യക്തമാക്കി. ചെറിയ പെരുന്നാള്‍ അവധി ദിനങ്ങളാണ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഈ വര്‍ഷം ജൂലൈയില്‍ രേഖപ്പെടുത്താന്‍ ഇടയാക്കിയത്. ഇത്തിഹാദ് എയര്‍വെയ്‌സ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചതും നേട്ടത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.