ഡി എച്ച് എ നടത്തിയത് 4,78,451 പരിശോധനകള്‍

Posted on: September 3, 2014 8:01 pm | Last updated: September 3, 2014 at 8:01 pm
SHARE

ദുബൈ: 2014ന്റെ ആദ്യ പകുതിയില്‍ 4,78,451 മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധനകള്‍ നടത്തിയതായി ഡി എച്ച് എ വെളിപ്പെടുത്തി. ഡി എച്ച് എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് വിഭാഗമാണ് പരിശോധനകള്‍ നടത്തിയത്. വിസ സ്റ്റാമ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു വൈദ്യ പരിശോധന.
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 16 മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകള്‍ മുഖേനയായിരുന്നു ഇത്രയും പരിശോധനകള്‍ നടത്തിയത്.
ഗാര്‍ഹിക ജോലിക്കായി രാജ്യത്ത് എത്തുന്നവരെ എത്തിയ ഉടന്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കാന്‍ ശ്രദ്ധിക്കണമെന്ന് മെഡിക്കല്‍ ഫിറ്റ്‌നസ് ഡയറക്ടര്‍ മൈസ അല്‍ ബുസ്താനി അഭ്യര്‍ഥിച്ചു. ജോലിക്കായി എത്തുന്നവരെ എത്രയും പെട്ടെന്ന് വൈദ്യ പരിശോധനക്ക് വിധേയരാക്കിയാലെ സാംക്രമിക രോഗങ്ങള്‍ പെട്ടെന്ന് കണ്ടെത്താനാവൂ. രോഗം ഉള്ളവര്‍ വീട്ടിലും രാജ്യത്തും കൂടുതല്‍ ദിനം പരിശോധനയില്ലാതെ കഴിയുന്നത് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇടയാക്കും. ഇത് പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയായി മാറുകയും ചെയ്യും.
ഹെപ്പറ്റൈറ്റിസ് ബി, എച്ച് ഐ വി, ടി ബി, സിഫിലിസ്, ഗര്‍ഭ പരിശോധന എന്നിവയാണ് വീട്ടുജോലിക്കായി എത്തുന്ന സ്ത്രീകളില്‍ നടത്തുന്ന വൈദ്യ പരിശോധനകള്‍.
വീട്ടുജോലിക്കാരികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ഇല്ലെന്ന് കണ്ടെത്തിയാല്‍ ഇത് ബാധിക്കാതിരിക്കാന്‍ മൂന്നു ഡോസ് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കുന്നുണ്ട്.
രണ്ട് വിഭാഗം ജോലിക്കാര്‍ക്ക് സാധാരണ പരിശോധനകള്‍ക്ക് പുറമെ മറ്റ് ചില വൈദ്യ പരിശോധനകളും നടത്തിവരുന്നുണ്ട്. വീട്ടു ഡ്രൈവര്‍മാര്‍, പാചകക്കാര്‍, തോട്ടക്കാര്‍, ആയകള്‍ എന്നിവരും വീട്ടുവേലക്കാരികള്‍ക്കൊപ്പം കൂടുതല്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കുന്നവരില്‍ ഉള്‍പ്പെടും.
കൂടുതല്‍ ജോലിക്കാരുള്ള കമ്പനികള്‍ക്കായി സഞ്ചരിക്കുന്ന വൈദ്യ പരിശോധനാ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ അതാത് കമ്പനികളുടെ താമസ സ്ഥലങ്ങളിലോ ജോലി സ്ഥലങ്ങളിലോ ചെന്നാണ് വൈദ്യ പരിശോധന നടത്തുക. വിസ സ്റ്റാമ്പ് ചെയ്യാനും പുതുക്കാനും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും മൈസ പറഞ്ഞു.