വി ഡി സി എസ് നടപ്പാക്കാന്‍ ആര്‍ ടി എ ഒരുങ്ങുന്നു

Posted on: September 3, 2014 5:50 pm | Last updated: September 3, 2014 at 5:50 pm
SHARE

vdcsദുബൈ: ദുബൈ പോലീസുമായി കൈകോര്‍ത്ത് വി ഡി സി എസ് (ഹെവി വെഹിക്കിള്‍സ് ഡിഫക്ട്‌സ് ക്ലിയറിംഗ് സിസ്റ്റം) നടപ്പാക്കാന്‍ ആര്‍ ടി എ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീനയും ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായറും ചര്‍ച്ച നടത്തി.
റോഡ് സുരക്ഷ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ സംവിധാനം ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക സുരക്ഷാ ഉപകരണങ്ങളും സ്മാര്‍ട് സാങ്കേതികവിദ്യയും നടപ്പാക്കും. ഇതിലൂടെ ഭാര വാഹനങ്ങളുടെ യന്ത്രത്തകരാര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലും കൃത്യതയിലും പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സംവിധാനം പ്രാവര്‍ത്തികമാവുന്നതോടെ റോഡില്‍ വാഹനം നിര്‍ത്തി പരിശോധിക്കുന്ന രീതി അവസാനിക്കും.
ദുബൈയില്‍ സംഭവിക്കുന്ന മൊത്തം വാഹനാപകടങ്ങളില്‍ 20 ശതമാനത്തിന് കാരണമാവുന്നത് ഭാരവാഹനങ്ങളാണെന്ന തിരിച്ചറിവാണ് വി സി ഡി എസ് നടപ്പാക്കുന്നതിനായി ചര്‍ച്ച നടത്താന്‍ ഇരു വിഭാഗത്തെയും പ്രേരിപ്പിച്ചത്. ഇതിലൂടെ വാഹനത്തിന്റെ പോരായ്മകള്‍ അറിയാനും അവക്ക് ശാശ്വതമായ പരിഹാരം കാണാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആര്‍ ടി എയും ദുബൈ പോലീസുമായുള്ള ക്രിയാത്മകമായ സഹകരണം എമിറേറ്റിന്റെ സാമൂഹിക വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇരു വിഭാഗവും അഭിപ്രായപ്പെട്ടു. ഈ സംവിധാനത്തിലൂടെ ആര്‍ ടി എക്കും ദുബൈ പോലീസിനും ഒപ്പം ഭാരവാഹനം കൈകാര്യം ചെയ്യുന്ന ഡ്രൈവര്‍ക്കും വാഹനത്തിന്റെ പോരായ്മകള്‍ തിരിച്ചറിയാന്‍ സാധിക്കും. ആധുനിക സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് സ്മാര്‍ട് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുക.
വി ഡി സി എസ്‌ലൂടെ ഭാരവാഹന ഉടമകള്‍ക്കും വാഹനത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കുമെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്തര്‍ അല്‍ മസീന വ്യക്തമാക്കി.
വി ഡി സി എസിലൂടെ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന ഭാരവാഹനങ്ങളെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിക്കുമെന്ന് ആര്‍ ടി എ ലൈസന്‍സിംഗ് ഏജന്‍സി വിഭാഗം സി ഇ ഒ അഹമ്മദ് ഹാഷിം ബഹ്‌റോനിയാന്‍ പറഞ്ഞു.