Connect with us

International

ഐ എസ് തീവ്രവാദികള്‍ രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനേയും വധിച്ചു

Published

|

Last Updated

ബാഗ്ദാദ്: ഇറാഖിലെ സായുധ സംഘമായ ഇസ്‌ലാമിക് സ്റ്റേറ്റ് രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനേയും വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ സ്റ്റീവന്‍ സോട്‌ലോഫിനെ വധിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവിട്ടത്. 31 കാരനായ സോട്‌ലോഫിനെ കഴിഞ്ഞ വര്‍ഷം സിറിയയില്‍ നിന്ന് കാണാതായതാണ്.
സോട്‌ലോഫിന്റെ സഹപ്രവര്‍ത്തനായ ജെയിംസ് ഫോളിയെ വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തീവ്രവാദികള്‍ രണ്ടാഴ്ച മുമ്പ് പുറത്തുവിട്ടിരുന്നു. തങ്ങളുടെ തടവിലുള്ള മറ്റൊരു ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനേയും വധിക്കുമെന്ന് വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. അമേരിക്കക്കുള്ള രണ്ടാമത്തെ മുന്നറിയിപ്പ് എന്ന തലക്കെട്ടില്‍ തുടങ്ങുന്ന വീഡിയോയില്‍ മാധ്യമപ്രവര്‍ത്തകന്റെ തലയറുത്ത് കൊല്ലുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. ഇറാഖിലെ തങ്ങളുടെ പോരാളികള്‍ക്കു നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിനുള്ള പ്രതികാരമാണിതെന്നാണ് ഐഎസിന്റെ പ്രതികരണം. കറുത്ത തുണികൊണ്ട് മുഖം മറച്ച കൊലയാളി നേരത്തെ പുറത്തുവിട്ട ദൃശ്യത്തിലെ തീവ്രവാദിതന്നെയാണെന്നാണ് സംശയിക്കുന്നത്.

തന്റെ മകനെ വെറുതെ വിടണമെന്ന് സ്റ്റീവന്‍ സോട്‌ലോഫിന്റെ അമ്മ കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ തീവ്രവാദികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ വാര്‍ത്ത അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.