വനം വകുപ്പിലെ താല്‍ക്കാലിക വാച്ചര്‍മാരെ ഇനിയും സ്ഥിരപ്പെടുത്തിയില്ല

Posted on: September 3, 2014 9:37 am | Last updated: September 3, 2014 at 9:37 am
SHARE

wayanad-hകല്‍പ്പറ്റ: ജില്ലയില്‍ വനംവകുപ്പില്‍ ദീര്‍ഘകാലമായി ജോലി ചെയ്യുന്ന താല്‍ക്കാലിക വാച്ചര്‍മാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. വനംവകുപ്പില്‍ പുതുതായി ട്രൈബല്‍ വാച്ചര്‍മാര്‍മാരെ നിയമിക്കുന്നതിന്റെ പേരില്‍ ജനറല്‍ വിഭാഗത്തില്‍പെട്ട താല്‍ക്കാലികക്കാര്‍ നിഷ്‌ക്കരുണം തഴയപ്പെടുകയാണ്. വര്‍ഷങ്ങളായി വനംവകുപ്പില്‍ ജോലി ചെയ്ത് ജീവിതത്തിന്റെ നല്ലൊരുകാലം മുഴുവന്‍ വിനിയോഗിച്ചിട്ടും സ്ഥിരം നിയമനം ലഭിക്കാത്തതിന്റെ അസംതൃപ്തിയും പേറിയാണ് താല്‍ക്കാലികക്കാര്‍ ജോലി ചെയ്യുന്നത്.
മറ്റൊരു ജോലിക്ക് പോകാനോ, പി എസ്.സി പരീക്ഷയെഴുതാനോ ഇനി ഇവര്‍ക്ക് കഴിയില്ല. സമയവും കാലവും നോക്കാതെ മുഴുവന്‍ സമയവും വനസംരക്ഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരാണ് താല്‍ക്കാലിക വാച്ചര്‍മാര്‍. കാട്ടുതീ സമയത്ത് ശ്വാസം വിടാന്‍ പോലും കഴിയാതെ രാപ്പകല്‍ സേവനനിരതരായവരാണ് താല്‍ക്കാലിക വാച്ചര്‍മാര്‍. കാട്ടുതീ തടയാന്‍ വനംവകുപ്പിന് ആധുനിക സജ്ജീകരണങ്ങളോ സംവിധാനങ്ങളോ ഇല്ല. മരക്കൊമ്പുകള്‍ ഉപയോഗിച്ച് തീയണച്ച നിരവധി താല്‍ക്കാലിക ജീവനക്കാര്‍ക്ക് പൊള്ളലേറ്റിരുന്നു. നാട്ടില്‍ എവിടെ വന്യമൃഗശല്യമുണ്ടായാലും ജനങ്ങളുടെ കയ്യേറ്റത്തിനും അസഭ്യ വര്‍ഷത്തിനും ആദ്യം ഇരയാകുന്നത് താല്‍ക്കാലിക ജീവനക്കാരാണ്. കാട്ടാന നാട്ടിലിറങ്ങുമ്പോള്‍ ജീവന്‍പണയം വച്ചാണ് താല്‍ക്കാലിക ജീവനക്കാര്‍ രംഗത്തിറങ്ങുന്നത്. കാട്ടാനയെ ഓടിക്കുന്നതിനിടയില്‍ പരുക്കേറ്റ താല്‍ക്കാലിക വാച്ചര്‍മാരുടെ എണ്ണം കുറവല്ല.
കുറഞ്ഞ സേവന- വേതന വ്യവസ്ഥകളും ജോലിഭാരവും കാരണം നിയമനം ലഭിച്ചിട്ടും വനംവകുപ്പില്‍ ജോലി ചെയ്യാന്‍ മടിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഏറെയാണ്. ഈ സാഹചര്യത്തില്‍ താല്‍ക്കാലിക വാച്ചര്‍മാരുടെ സേവനം വനംവകുപ്പിന് വിലമതിക്കാനാവില്ല. വര്‍ഷങ്ങളായുള്ള അനുഭവം വച്ച് കാടിന്റെ മുക്കും മൂലയും വാച്ചര്‍മാര്‍ക്ക് കാണാപാഠമാണ്. ഇനി മറ്റൊരു ജോലി ലഭിക്കില്ലെന്നതിനാല്‍ ഇപ്പോള്‍ വനംവകുപ്പില്‍ ജോലി ചെയ്യുന്ന എല്ലാ താല്‍ക്കാലിക വാച്ചര്‍മാരെയും മാനുഷിക പരിഗണനവച്ച് സ്ഥിരപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് താല്‍ക്കാലിക ജീവനക്കാര്‍.