ഭൂമിക്കായി എം എല്‍ എമാരുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കും: മന്ത്രി ജയലക്ഷ്മി

Posted on: September 3, 2014 9:36 am | Last updated: September 3, 2014 at 9:36 am
SHARE

pk jayalakshmiകല്‍പ്പറ്റ: ആദിവാസികള്‍ക്ക് നല്‍കാനായി ഭൂമി വാങ്ങുന്ന നടപടികള്‍ കുറ്റമറ്റതാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളടങ്ങുന്ന സമിതി രൂപവത്കരിക്കുമെന്ന് പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. കലക്ടറേറ്റ് പടിക്കല്‍ ഉപരോധം നടത്തിവന്ന ആദിവാസി ക്ഷേമ സമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയായിരുന്നു മന്ത്രി. ആദിവാസി പുനരധി വാസ മിഷന്റെ പക്കലുള്ള 50 കോടി രൂപ വിനിയോഗിച്ച് ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ ഒരു ഏക്കര്‍ ഭൂമി വീതം വാങ്ങി നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കും. 302 കൂടൂംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കാന്‍ കഴിഞ്ഞത് നേട്ടമായി യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ എല്ലാ ആദിവാസി സംഘടനകളുടെയും യോഗം ഉടന്‍ വിളിച്ചു കൂട്ടും. സമരക്കാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രണ്ട് ദിവസമായി നടത്തി വന്ന സമരം പിന്‍വലിച്ചു.
ഞായറാഴ്ച രാത്രി മുതലാണ് കലക്ടറേറ്റിന് മുമ്പില്‍ ആദിവാസികള്‍ ഉപരോധസമരം തുടങ്ങിയത്.ആദിവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന കൊടും വഞ്ചനക്കെതിരെയായിരുന്നു ആദിവാസിക്ഷേമസമിതി വയനാട് കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തിയത്‌