ഓണ വിപണി കീഴടക്കാന്‍ തമിഴക കൈത്തറി തുണി സംഘമെത്തി

Posted on: September 3, 2014 9:33 am | Last updated: September 3, 2014 at 9:33 am
SHARE

കൊല്ലങ്കോട്: തമിഴ്‌നാടിന്റെ പാരമ്പര്യ കൈത്തറി തറികളില്‍ നിന്നും നെയ്‌തെടുത്ത തുണത്തരങ്ങളുമായി തേനി ജില്ലയിലെ കച്ചവടക്കാര്‍ ഓണ വിപണി കീഴടക്കുന്നതിനായി കൊല്ലങ്കോടെത്തി.
കൈത്തറി തുണിത്തരങ്ങള്‍ക്ക് ഏറെ പ്രിയരായ മലയാളികളുടെ അഭിരുചി മനസ്സിലാക്കിയാണ് പത്തംഗ സംഘം എത്തിയത്. ഇരുചക്ര വാഹനത്തില്‍ 230 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഓണം വരെ കച്ചവടം നടത്തിയ ശേഷമേ സംഘം തിരിച്ച് തേനിയിലേക്ക് പുറപ്പെടുകയുള്ളൂ. വിദ്യാലയങ്ങളിലെ അധ്യാപികമാര്‍ക്കായി സെറ്റുസാരികള്‍ മുതല്‍ കോട്ടണ്‍ സാരി, കസവ് സാരി, ഓഫീസിലെ ജീവനക്കാര്‍ക്കുള്ളവയുമാണ് ഇവരുടെ പ്രധാന ഉത്പ്പന്നങ്ങള്‍.
പാരമ്പര്യ തൊഴിലായ കൈത്തറി നെയ്ത്ത് സംഘം ഓണ വിപണി ലക്ഷ്യംവെച്ച് നെയ്‌തെടുക്കുന്ന ഉത്പ്പന്നമാണ് ഇവര്‍ ശേഖരിച്ച് എത്തിക്കുന്നത്. സാരി നെയ്‌തെടുക്കാന്‍ മൂന്ന് ദിവസം വേണമെന്നും മുണ്ട് എന്നിവ ഗുണമേന്മയുള്ളതാണെന്നും ഇവര്‍ അവകാശപ്പെടുന്നു. തമിഴ്‌നാട്ടിലെ പ്രധാന വസ്ത്ര വിപണന കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്ന ഇവര്‍ പണിക്കൂലിയും തുച്ഛമായ ലാഭവും മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്ന് പറയുന്നു. 1050 രൂപ വിലവരുന്ന സാരി 800 രൂപയ്ക്കും 2000 രൂപ വിലയുള്ളത് ഷോറൂമില്‍ വില്‍ക്കുന്നവയ്ക്ക് 1050 രൂപയ്ക്കും ലഭിക്കും.
11 വര്‍ഷമായി ഓണ വിപണം കീഴടക്കാനായി സ്ഥിരം എത്താറുള്ള തേനി സ്വദേശി രാജേന്ദ്രന്‍ പറഞ്ഞു. കൂടാതെ മണികണ്ഠന്‍ മൂര്‍ത്തി തുടങ്ങിയ പത്തോളം സംഘമാണ് ഇരുചക്ര വാഹനത്തില്‍ വില്‍പ്പനക്കായി എത്തിയിരിക്കുന്നത്.