വളാഞ്ചേരിയില്‍ വ്യാപക അക്രമം; യുവാവിനെ മര്‍ദിച്ചു

Posted on: September 3, 2014 9:30 am | Last updated: September 3, 2014 at 9:30 am
SHARE

വളാഞ്ചേരി: ഹര്‍ത്താലിന്റെ മറവില്‍ വളാഞ്ചേരി മേഖലയില്‍ വ്യാപകമായ ആര്‍ എസ് എസ് ബി ജെ പി അക്രമം. ഹര്‍ത്താലിന്റെ ഭാഗമായി വളാഞ്ചേരി ടൗണില്‍ വാഹനങ്ങള്‍ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികള്‍ ബൈക്ക് യാത്രക്കാരായ യുവാവിനെ മാരകമായി അക്രമിച്ചു പരുക്കേല്‍പ്പിച്ചു.
പോലീസ് നോക്കി നില്‍ക്കെയാണ് അക്രമമുണ്ടായത്. അക്രമണത്തില്‍ മാരകമായി പരുക്കേറ്റ കാടാമ്പുഴ തടംപറമ്പ് ജുമുഅ മസ്ജിദിന് സമീപം താമസിക്കുന്ന നെടുവക്കാട്ടില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ മുഹമ്മദാലി (30)യെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യവീടായ പേരശ്ശന്നൂരില്‍ നിന്നും സ്വന്തം വീടായ കാടാമ്പുഴയിലേക്ക് വരുമ്പോഴാണ് സംഘം വളാഞ്ചേരി ടൗണില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി ഇയാളെ അടിച്ചു പരുക്കേല്‍പ്പിച്ചത്. അക്രമിക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് മുഹമ്മദാലി പറഞ്ഞു.
ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് തയ്യാറായില്ലെന്നും യുവാവ് ആരോപിച്ചു. ഇതിന് പുറമെ ആശുപത്രിയിലേക്ക് രോഗികളെ പരിശോധിക്കാന്‍ ആംബുലന്‍സില്‍ വരുകയായിരുന്ന ഡോക്ടര്‍ക്കു നേരെയും കൈയേറ്റമുണ്ടായി.
വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവ് ഡോ. അബ്ദുര്‍റഹ്മാന്‍ വരുന്ന വാഹനമാണ് അക്രമി സംഘം തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ വലിച്ച് പുറത്തിട്ടത്.
ഹര്‍ത്താല്‍ കാരണം സ്വന്തം വാഹനം എടക്കാതെയാണ് ഡോക്ടര്‍ ആംബുലന്‍സ് വരുത്തി അതില്‍ ആശുപത്രിയിലേക്ക് പോയത്.
കാവുംപുറം മേച്ചേരിപ്പറമ്പ് എന്നിവിടങ്ങളിലും പ്രശ്‌നങ്ങളുണ്ടായ രീതിയിലാണ് പ്രകടനങ്ങളും മറ്റും നടത്തിയത്. സി പി എം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ നിന്നും കൊടി അഴിച്ചെടുത്ത് നശിപ്പിച്ചു.