കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ തകര്‍ക്കരുത്: എസ് വൈ എസ്

Posted on: September 3, 2014 9:31 am | Last updated: September 3, 2014 at 9:30 am
SHARE

calicut universityമലപ്പുറം: പിന്നാക്ക ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ തൊഴില്‍ രംഗത്തെ അഭിവൃദ്ധിക്കും മുന്നേറ്റത്തിനുമായി സ്ഥാപിച്ച കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ തകര്‍ക്കരുതെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രാഷ്ട്രീയ പകപോക്കലുകളുടെ ഇരയായി ഉന്നതമായ ഒരുകലാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പ്പോലും മുടങ്ങുന്നത് ആശ്വാസകരമല്ല. സിന്‍ഡിക്കേറ്റും വൈസ്ചാന്‍സലറും ജീവനക്കാരും പരസ്പരം പോരടിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും ഉത്തരവാദിത്വപ്പെട്ടവര്‍ കാഴ്ചക്കാരായി നില്‍ക്കുന്നത് വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണ്.
അക്കാദമിക നിലവാരം ഉയര്‍ത്താനും കൃത്യ നിഷ്ട വരുത്താനുമുള്ള ശ്രമങ്ങളെ സംഘടിത ശക്തി ഉപയോഗിച്ച് ചെറുക്കുന്നതും പുകച്ച് പുറത്ത് ചാടിക്കാനുള്ള തത്പര കക്ഷികളുടെ ശ്രമം അപലനീയവും പ്രതിഷേധാര്‍ഹവുമാണ്.
ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ഓര്‍ത്തെങ്കിലും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് സംഘടന നിര്‍ബന്ധിതമാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ മുഹമ്മദ് ഇബ്‌റാഹിം, കൊളത്തൂര്‍ അലവി സഖാഫി, അലവിക്കുട്ടി ഫൈസി എടക്കര, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അലവി ഹാജി പുതുപറമ്പ്, കെ പി ജമാല്‍ കരുളായി, ബശീര്‍ പറവന്നൂര്‍ സംബന്ധിച്ചു.