Connect with us

Kozhikode

മദ്യലോബി വയനാട് അതിര്‍ത്തി പ്രദേശങ്ങള്‍ പിടിമുറുക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: കേരളത്തില്‍ മദ്യനിരോധം നടപ്പായാലും വയനാട്ടിലെ മദ്യപാനികള്‍ക്ക് വലിയ ബുദ്ധിമുട്ട് വരില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
മലബാര്‍ മേഖലയില്‍ മദ്യവ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ പലരും വയനാടുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകള്‍, കര്‍ണാടകയിലെ എച്ച് ഡി കോട്ട, ഗുണ്ടല്‍പേട്ട താലൂക്കുകള്‍ എന്നിവിടങ്ങളിലേക്ക് ചേക്കാറുനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇപ്പോള്‍ തന്നെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ മദ്യശാലകളില്‍ പലതും മലയാളികളുടേതാണ്. സ്വകാര്യ മേഖലക്കൊപ്പം സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലകള്‍ കൂടുതലായി അതിര്‍ത്തി പ്രദേശങ്ങളില്‍ തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാറും നീക്കം തുടങ്ങിയിട്ടുണ്ട്.
വയനാട്ടിലെ ചുള്ളിയോട് നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരമുള്ള തമിഴ്‌നാട്ടിലെ താളൂര്‍, എരുമാട് എന്നിവിടങ്ങളിലും വടുവന്‍ചാലില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറിയുള്ള ചേരമ്പാടി എന്നിവിടങ്ങളിലെല്ലാം പുതിയ ബാര്‍ ഹോട്ടലുകള്‍ ആരംഭിക്കാനാണ് മലയാളികളായ മദ്യ വ്യവസായികളുടെ നീക്കം. ഇതിനായി ചില സംരംഭകര്‍ സൗകര്യപ്രദമായ സ്ഥലം വാങ്ങിക്കഴിഞ്ഞു.
എച്ച് ഡി കോട്ട താലാക്കിലെ ബൈരക്കുപ്പയില്‍ ഇപ്പോള്‍ തന്നെ മലയാളികളായ മദ്യ വ്യവസായികള്‍ക്ക് സൗകര്യപ്രദമായ സ്ഥലമുണ്ട്. കാട്ടിക്കുളത്ത് നിന്ന് അഞ്ചോ ആറോ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്താവുന്ന കര്‍ണാടകയിലെ ബാവലിയില്‍ നിലവില്‍ ബാര്‍ ഹോട്ടല്‍ ഉണ്ടെങ്കിലും ഇതിന് പുറമെ പുതുതായി രണ്ടെണ്ണം തുറക്കാനുള്ള നീക്കമാണ് നടക്കുന്നത്. മാനന്തവാടി താലൂക്കിലെ തോല്‍പ്പെട്ടി ചെക്‌പോസ്റ്റിന് അപ്പുറം കര്‍ണാടകയാണ് അവിടെയും പുതിയ ബാര്‍ ഹോട്ടലിനും റീട്ടെയില്‍ മദ്യ വില്‍പ്പന ശാലക്കുമുള്ള നീക്കങ്ങള്‍ സജീവമാണ്.
പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകാര്‍ക്ക് കബനി പുഴ കടന്നാല്‍ ബൈരക്കുപ്പയിലെത്താം. കേരളത്തില്‍ ചാരായ നിരോധനം നിലവില്‍ വന്ന ശേഷം ബൈരക്കുപ്പയില്‍ നിന്നാണ് വയനാട്ടിലേക്ക് പാക്കറ്റ് ചാരായം എത്തിയിരുന്നത്. അവിടെയും ചാരായ നിരോധനം വന്നതോടെയാണ് വയനാട്ടിലേക്കുള്ള പാക്കറ്റ് ചാരായത്തിന്റെ വരവ് കുറഞ്ഞത്. എല്ലാ മാസവും ഒന്നാം തീയതി കേരളത്തില്‍ മദ്യശാലകള്‍ക്ക് ഒഴിവായതിനാല്‍ ഈ ദിവസങ്ങളില്‍ എച്ച് എഡി കോട്ട താലൂക്കിലെ മദ്യഷാപ്പുകളില്‍ നടക്കുന്ന വില്‍പ്പനയില്‍ പകുതിയിലേറെയും വയനാട്ടുകാരുടേതാണ്. ബത്തേരിയില്‍ നിന്ന് തമിഴ്‌നാട് അതിര്‍ത്തിയിലെ പാട്ടവയലിലേക്ക് എത്താന്‍ പതിമൂന്ന് കിലോമീറ്റര്‍ മാത്രം മതി.
തമിഴ്‌നാട് അതിര്‍ത്തിയിലെ ചേരമ്പാടിയിലെത്തിയാല്‍ യഥേഷ്ടം സുരപാനം സാധ്യമാവും. ഫലത്തില്‍ കേരളത്തില്‍ നടപ്പാക്കുന്ന മദ്യനിരോധനം വയനാട്ടിലെ മദ്യാസക്തര്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിക്കുന്നില്ല. അവിടങ്ങളില്‍ നിന്ന് വാങ്ങുന്ന മദ്യക്കുപ്പി തുറന്ന് അല്‍പ്പം അകത്താക്കിയ ശേഷം അരയില്‍ തിരുകി നടന്ന് കേരളത്തിലേക്ക് പ്രവേശിച്ചാല്‍ അബ്കാരി കേസില്‍ ഉള്‍പ്പെടുകയുമില്ല.
ഈ സാധ്യതയെല്ലാം കണ്ടുകൊണ്ടാണ് പതിറ്റാണ്ടുകളായി ഇവിടെ മദ്യ വ്യവസായ രംഗത്ത് ലാഭം കൊയ്തവര്‍ തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തയ്യാറെടുക്കുന്നത്. കേരളത്തിലേത് പോലെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും മദ്യശാലകള്‍ക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നില്ലെന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാട് അതിര്‍ത്തിയിലെ താളൂരിലുള്ള അളഗപ്പന്‍ എന്ന തൊഴിലാളികളുടെ വാക്കുകള്‍ തന്നെ ഇതിന് തെളിവ്. അമ്മ ഞങ്ങള്‍ക്ക് സൗജന്യമായി ആഴ്ചയില്‍ 14 കിലോ അരി തരും.
വിദ്യാര്‍ഥികളായ മക്കള്‍ക്ക് സൈക്കിളും ലാപ്പ്‌ടോപ്പും കിട്ടും. കറന്റിന് ചെറിയ പൈസമാത്രമെ പ്രതിമാസ ചാര്‍ജുള്ളു. ഈ സൗകര്യങ്ങളെല്ലാം ഞങ്ങള്‍ക്ക് തരാന്‍ സര്‍ക്കാറിന് വരുമാനം ഉണ്ടാവണം. അതിനാല്‍ പുതിയ മദ്യഷാപ്പ് തുടങ്ങുന്നതില്‍ തെറ്റില്ല. കേരളത്തില്‍ മദ്യം നിരോധിക്കുമ്പോള്‍ തമിഴ്‌നാട്ടിലേക്ക് ആളുകള്‍ കൂടുതലായി കുടിക്കാനെത്തും. അപ്പോള്‍ അവരുടെ കച്ചവടവും തമിഴ്‌നാട് സര്‍ക്കാറിന് വരുമാനദായകമാവും. അളഗപ്പന്റെ നിലപാടുള്ളവര്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ എത്രവേണമെങ്കിലും ഉണ്ട്. ഈ നിലപാട് തന്നെയാണ് കേരളത്തില്‍ നിന്നുള്ള മദ്യവ്യവസായികളും അനുകൂലമായി കാണുന്നത്.

Latest