Connect with us

Kozhikode

മോദിയുടെ പ്രസംഗം: വിവേചനാധികാരം ഉപയോഗിക്കണം- യൂത്ത് ലീഗ്

Published

|

Last Updated

കോഴിക്കോട്: പ്രധാനമന്ത്രി മോദി അധ്യാപക ദിനത്തില്‍ നടത്തുന്ന വിവാദ പ്രസംഗത്തിന്റെ കാര്യത്തില്‍ വിവേചനാധികാരം ഉപയോഗിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും മുന്നോട്ട് വരണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയും ജനറല്‍ സെക്രട്ടറി സി കെ സുബൈറും പറഞ്ഞു.
ഇക്കാര്യത്തില്‍ ധൃതിപിടിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് കാര്യങ്ങള്‍ ഗൗരവത്തില്‍ എടുക്കാതെയും വരുംവരായ്മകള്‍ കണക്കിലെടുക്കാതെയും ഉള്ളതാണ്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേരള സര്‍ക്കാരിന് ഒഴിഞ്ഞ് നില്‍ക്കാനാകില്ല. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന് വീഴ്ച പറ്റിയതായി നേതാക്കള്‍ കുറ്റപ്പെടുത്തി. എന്തിനും ഏതിനും തോന്നും പടി ഡി പി ഐ ഉത്തരവിറക്കുന്നത് ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല. ഡി പി ഐ ഉണ്ടാക്കുന്ന കീഴ്‌വഴക്കങ്ങള്‍ ഭാവിയില്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും. ഒറ്റപ്പെട്ട വിദ്യാര്‍ഥി സമരത്തിനും ആര്‍ എസ് എസിന്റെ ഹര്‍ത്താലിനും പൊതുഅവധി പ്രഖ്യാപിക്കാന്‍ ആരാണ് ഇദ്ദേഹത്തിന് അധികാരം നല്‍കിയത്.
യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയ പല ജനക്ഷേമ പദ്ധതികളും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തില്‍ നടപ്പിലാക്കാതെ വെല്ലുവിളിച്ചയാളാണ് ഇപ്പോള്‍ പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്നത്. അദ്ദേഹത്തിന്റെ നിഗൂഢ ലക്ഷ്യങ്ങളെയും ഉഗ്രശാസനകളെയും നിരാകരിക്കുന്നതിനുള്ള ആര്‍ജ്ജവം കേരള സര്‍ക്കാര്‍ കാണിക്കണം. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് ഇറക്കിയ നിര്‍ബന്ധിത സര്‍ക്കുലര്‍ അതേപടി നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് ബാധ്യതയില്ല. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിന്റെ പരിധിയില്‍ വരുന്നതാണ്. അത് കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാറിന് വിശേഷാധികാരമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പറയും വിധം മോദിയുടെ പ്രസംഗം ആഘോഷമാക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കാന്‍ ഓരോരുത്തരും സ്വയം മുന്നോട്ട് വരണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ ആഭ്യര്‍ഥിച്ചു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അന്തസത്തയും ഇത് പൗരന്റെ മൗലികാവകാശമായി തന്നെ ഭരണഘടന അംഗീകരിക്കുകയും ചെയ്തിട്ടുള്ളതുമാണ്. ഇക്കാര്യം ബിജോയ് ഇമ്മാനുവല്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കേസില്‍ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായ ശേഷവും മോദിയുടെ കാഴ്ചപ്പാടുകള്‍ക്ക് യാതൊരു വ്യതിയാനവും ഇല്ല. വ്യാജഏറ്റുമുട്ടല്‍ കേസില്‍ കോടതി വിചാരണ നേരിടുന്ന മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത അമിത് ഷായെ പ്രസിഡന്റാക്കി പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കിയ ആളാണ് നരേന്ദ്ര മോദി. ഇദ്ദേഹത്തിന് അധ്യാപക ദിനത്തില്‍ കുട്ടികളെ അഭിസംബോധന ചെയ്യാന്‍ ധാര്‍മികമായി അവകാശമില്ല.
മോദിയുടെ പ്രസംഗത്തിന്റെ ഉള്ളിലിരുപ്പ് തുറന്ന് കാണിക്കുന്നതിനും നിലപാടുകള്‍ എടുക്കുന്നതിനും എല്ലാ യുവജന വിദ്യാര്‍ഥി സംഘടനകളും മുന്നോട്ട് വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് കൊണ്ട് മോദി ഒരുതരം സ്റ്റേജ് ഷോയാണ് നടത്തുന്നത്. പാര്‍ലിമെന്ററി ജനാധിപത്യം സംഘ്പരിവാരിന് ഒരു താത്കാലിക ഇടം മാത്രമാണ്. ജനങ്ങള്‍ നേരിട്ട് തിരെഞ്ഞെടുക്കുന്ന ആളല്ല ഇന്ത്യന്‍ പ്രധാനമന്ത്രി. അങ്ങനെയുള്ള പ്രസിഡന്‍ഷ്യല്‍ ഭരണമാണ് അവരുടെ ആത്യന്തിക ലക്ഷ്യം.
ഇതിനായി മോദിയെന്ന നിഴല്‍ രൂപത്തെ മുന്‍നിറുത്തി ജനങ്ങളുടെ മനോഘടന മെല്ലെമെല്ലെ മാറ്റിയെടുക്കുന്നതിനുള്ള നാടകങ്ങളാണ് അരങ്ങേറുന്നത്. സാധാരണക്കാരുടെയും ദുര്‍ബല മനസ്‌കരുടെയും മനം കവരുന്നതിനും ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനുള്ള മോദിയുടെയും കൂട്ടരുടെയും ചെപ്പടിവിദ്യകള്‍ തുറന്ന് കാണിക്കുന്നതിന് രാജ്യത്തിന്റെ ജനാധിപത്യ മതേതര മനസ്സ് ഉണരേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Latest