ശാരദാ ചിട്ടി തട്ടിപ്പ്: അന്വേഷണം മമതയിലേക്ക്

Posted on: September 3, 2014 12:17 am | Last updated: September 3, 2014 at 12:17 am
SHARE

mamathaകൊല്‍ക്കത്ത: ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ് നിര്‍ണായക വഴിത്തിരിവിലേക്ക്. കോടികളുടെ അഴിമതിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമതാ ബാനര്‍ജിയിലേക്ക് അന്വേഷണം നീങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ സൂചന. മമതാ ബാനര്‍ജി റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡു (ഐ ആര്‍ സി ടി സി)മായി ശാരദാ ഗ്രൂപ്പിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് കേസന്വേഷിക്കുന്ന സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. ടൂറിസം പദ്ധതികള്‍ സംബന്ധിച്ച് ഐ ആര്‍ ടി സിയും ശാരദാ ഗ്രൂപ്പിലെ ഒരു സ്ഥാപനവും 2010ല്‍ കരാറില്‍ ഒപ്പ് വെച്ചിരുന്നുവെന്നും സി ബി ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
2010-11ലെ റെയില്‍വേ ബജറ്റില്‍ മമത പ്രഖ്യാപിച്ച പദ്ധതിയായ ‘ഭാരത തീര്‍ഥ’യുടെ ഭാഗമായി ഐ ആര്‍ സി ടി സിക്കു വേണ്ടി ശാരദ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ദക്ഷിണേന്ത്യാ ടൂര്‍ പാക്കേജുകള്‍ നടത്തുകയും ചെയ്തു. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി 16 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാനാണ് ഭാരത് തീര്‍ഥ് വിഭാവനം ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി 14 രാത്രിയും 15 പകലും ഉള്‍ക്കൊള്ളുന്ന മൂന്ന് യാത്രകളാണ് ശാരദാ ടൂര്‍സ് സംഘടിപ്പിച്ചത്. ഈ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് റെയില്‍വേ പ്രത്യേക അന്വേഷണം നടത്തണമെന്ന് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെടുമ്പോള്‍ അത്തരമൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ. സി ബി ഐ അന്വേഷണം നടക്കുമ്പോള്‍ മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ല. സി ബി ഐ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് സിന്‍ഹ പറഞ്ഞു.
2013 ഏപ്രിലിലാണ് ശാരദാ ചിട്ടി തട്ടിപ്പ് പുറത്ത് വന്നത്. കോടികളുടെ നിക്ഷേപം തട്ടി ശാരദാ ഗ്രൂപ്പിലെ ചില സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയായിരുന്നു. കടലാസ് കമ്പനികളില്‍ നിക്ഷേപിച്ച് പണം തട്ടുകയായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു. പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ശാരദാ ഗ്രൂപ്പിന്റെ തട്ടിപ്പ് സംബന്ധിച്ച കേസുകള്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് സി ബി ഐ ഏറ്റെടുത്തത്.