Connect with us

National

ഗവര്‍ണര്‍ സ്ഥാനം: നിയമവിദഗ്ധരുടെ വിമര്‍ശത്തിനെതിരെ ജ. സദാശിവം

Published

|

Last Updated

ന്യുഡല്‍ഹി: തന്നെ കേരള ഗവര്‍ണറായി നിയമിക്കുന്നതിനെതിരെ നിയമ വിദഗ്ധര്‍ വിമര്‍ശനം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം. ഇത് ന്യായാസനത്തിന്റെ മാന്യതയെ ഇടിച്ച് താഴ്ത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജഡ്ജിമാരെ ഇത്തരം തസ്തികകളില്‍ നിയമിക്കുന്നതില്‍ തെറ്റ് പറയാനാകില്ല. താന്‍ അര്‍ഹതയില്ലാത്ത ആനുകൂല്യം പറ്റുകയാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
തുളസിറാം പ്രജാപതിയെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ബി ജെ പി പ്രസിഡന്റ് അമിത് ഷാക്ക് അനുകൂലമായി ഈ വര്‍ഷം ഏപ്രിലില്‍ വിധി പ്രസ്താവിച്ചതിനുള്ള പ്രത്യുപകാരമാണ് കേരള ഗവര്‍ണറായി നിയമിക്കുന്നതെന്ന ആരോപണത്തെ അദ്ദേഹം ശക്തിയായി നിഷേധിച്ചു. തമിഴ്‌നാട്ടുകാരനായ അദ്ദേഹം കഴിഞ്ഞ ഏപ്രിലിലാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ചത്.
സദാശിവത്തെ ഗവര്‍ണറായി നിയമിക്കാനുള്ള നീക്കത്തില്‍ രാഷ്ട്രീയ പരിഗണനയുണ്ടെന്നും ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജി കെ ടി തോമസും നിയമന നീക്കത്തെ എതിര്‍ത്തു. വിരമിച്ച ജഡ്ജിയെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായി നിയമിക്കാം. മറ്റു തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ വിരമിച്ച് രണ്ട് വര്‍ഷമെങ്കിലും പിന്നിട്ട ശേഷമേ ആകാവൂ- ജസ്റ്റിസ് കെ ടി തോമസ് അഭിപ്രായപ്പെട്ടു. ന്യായാധിപന്‍ എപ്പോഴും സംശയങ്ങള്‍ക്ക് അതീതനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കാന്‍ നീക്കം നടക്കുന്നത് സംബന്ധിച്ച് ആള്‍ ഇന്ത്യാ ബാര്‍ അസോസിയേഷന്‍ (എ ഐ ബി എ) രാഷ്ട്രപതിക്ക് കത്തെഴുതിയിട്ടുണ്ട്. ഇത്തരം നിയമനങ്ങള്‍ ജുഡീഷ്യറിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമെന്ന് എ ഐ ബി എ പ്രസിഡന്റ് അദിഷ് സി അഗര്‍വാല പറഞ്ഞു. സദാശിവത്തിന്റെ നിയമനത്തെ യുക്തമായ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.