നവ ഇ- സാക്ഷരര്‍ക്ക്: ഇന്റര്‍നെറ്റ് സംവിധാനത്തോടെ സൗജന്യ മൊബൈല്‍ ഫോണ്‍

Posted on: September 3, 2014 2:08 am | Last updated: September 3, 2014 at 12:10 am
SHARE

mobileതിരുവനന്തപുരം: നവ ഇ- സാക്ഷരര്‍ക്ക് സൗജന്യമായി മൊബൈല്‍ നല്‍കുന്ന പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കനകക്കുന്നില്‍ ഇന്ന് രാവിലെ 11.30ന് നടക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ, പഞ്ചായത്ത്, ഐ ടി വകുപ്പുകളും കേന്ദ്ര ഐ ടി മന്ത്രാലയവും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കിവരുന്ന ഇ- സാക്ഷരതാ പദ്ധതിയുടെ ഭാഗമായാണ് മൊബൈലുകള്‍ വിതരണം ചെയ്യുന്നത്.
ഇന്റര്‍നെറ്റ് അറിവിലൂടെ ജനങ്ങളെ ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി അബ്ദുര്‍റബ്ബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്പൂര്‍ണ ഇ- സാക്ഷരത യജ്ഞത്തില്‍ പങ്കാളികളാകുന്നവര്‍ക്ക് ഇ- മെയില്‍ സംവിധാനമുള്ള ബി എസ് എന്‍ എല്‍ പെന്റാ ഭാരത് ഫോണ്‍ നല്‍കും. 2,000 രൂപ വിലയുള്ള ഫോണ്‍ ലഭിക്കാന്‍ 18 മാസത്തേക്ക് 1999 മിനിറ്റ് സംസാരിക്കാനുള്ള കോള്‍ നിരക്ക് 1999 രൂപ നല്‍കണം. ആദ്യ ഘട്ടത്തില്‍ 300 ഫോണുകളാണ് വിതരണം ചെയ്യുന്നത്. ഓണം അവസാനിക്കുന്നതിന് മുമ്പ് 5000 മൊൈബലുകള്‍ വിതരണം ചെയ്യും.
2014 ജനുവരിയില്‍ പ്രധാനമന്ത്രിയാണ് ഇ- സാക്ഷരത പദ്ധതി ഉദ്ഘാടനം ചെയ്തത്. 100 പഞ്ചായത്തുകളിലുള്ളവരെ അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പ് ഇ സാക്ഷരരാക്കുന്നതോടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും. 2016 മാര്‍ച്ചില്‍ 478 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കും. 2017ല്‍ എല്ലാവരെയും ഇ- സാക്ഷരരാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇ- സാക്ഷരര്‍ക്കുള്ള പരിശീലനം നല്‍കുന്നത് ഇന്റല്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷനാണ്. ഇ- സാക്ഷരതക്കാവശ്യമായ ഹാര്‍ഡ് വെയറും മൊബൈല്‍ ഫോണും കെല്‍ട്രോണ്‍ ലഭ്യമാക്കും.
ആദ്യ ഘട്ടത്തില്‍ പത്ത് മണിക്കൂര്‍ പരിശീലനമാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 10 പഠിതാക്കളെ വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുക്കും. രണ്ടാം ഘട്ടത്തില്‍ 40 മണിക്കൂറും മൂന്നാം ഘട്ടത്തില്‍ 80 മണിക്കൂറും ക്ലാസുകളുണ്ടാകും. അക്ഷയ കേന്ദ്രങ്ങളിലൂടെയാണ് ഇത് നടപ്പാക്കുന്നത്.