Connect with us

Articles

നിര്‍മാണ നിയമലംഘനങ്ങള്‍ സി എ ജി കണ്ടെത്തിയിട്ടും

Published

|

Last Updated

തീരദേശ നിയമം വ്യാപകമായി ലംഘിച്ച് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയും കണ്ടെത്തുകയുണ്ടായി. അനുമതി നല്‍കിയതിലെ പഴവുകള്‍ ഗുരുതരമാണ്. തീരദേശ ജലാശയങ്ങള്‍ കൈയേറി കെട്ടിട നിര്‍മാണം നടത്തിയിരിക്കുന്നു. തീരങ്ങളില്‍ നിന്നും കായലോരങ്ങളില്‍ നിന്നും നിശ്ചിത ദൂരം എന്ന വ്യവസ്ഥ വ്യാപകമായി ലംഘിക്കപ്പെട്ടിരിക്കുന്നു. പരിസ്ഥിതി ക്ലിയറന്‍സ് വാങ്ങാതിരിക്കുക, പ്ലാനില്‍ നല്‍കിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിലകള്‍ പണിയുക, നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് താമസിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് (ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ്) നല്‍കുക തുടങ്ങിയവ കണ്ടെത്തി.
തീരദേശ ഭൂമിയും പൊക്കാളി പാടവും കായലും റവന്യൂ ഭൂമിയും തോടുകളുടെ തീരവും തോടുകളും ഇടത്തോടുകളും മിച്ചഭൂമിയും ചെമ്മീന്‍ പാടങ്ങളും കൈയേറി നിര്‍മാണം നടത്തിയിരിക്കുന്നു. വേമ്പനാട്ടുകായില്‍ കൈയേറിയിരിക്കുന്നു. പണി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ഇല്ക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും കണക്ഷന്‍ നേടിയിരിക്കുന്നു. ഫ്‌ളോര്‍ ഏരിയ ഇന്‍ഡക്‌സ് പ്രകാരം കെട്ടിടത്തിന്റെ വിസ്തീര്‍ണമനുസരിച്ച് റോഡിന് വീതിയും പാര്‍ക്കിംഗ് ഏരിയയും പാര്‍ക്കും മറ്റ് അനുബന്ധ സംവിധാനങ്ങളും ഒരുക്കാതെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു. ഗുണമേന്മയില്ലാത്തതും നിലവാരമില്ലാത്തതുമായ അഗ്നിശമന സാമഗ്രികള്‍ സ്ഥാപിച്ച് ഓക്കുപന്‍സി സര്‍ട്ടിഫിക്കറ്റും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും അനധികൃതമായി വാങ്ങിയിരിക്കുന്നു. കാര്‍ പാര്‍ക്കിംഗിന് പ്ലാനില്‍ കാണിച്ച സ്ഥലങ്ങള്‍ കൊട്ടിയടച്ച് മുറികളാക്കുക, മഴവെള്ള സംഭരണികള്‍, ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, ലിഫ്റ്റുകള്‍, സുരക്ഷാ സംവിധാനങ്ങള്‍, എമര്‍ജന്‍സി കോണിപ്പടികള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ നിര്‍മിക്കാതിരിക്കുക എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
തീരദേശ പരിപാലന അതോറിറ്റിയുടെ ചുമതലകളും നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരമുള്ള സമിതിയുടെ ചുമതലകളും ഉദ്യോഗസ്ഥര്‍ അനധികൃതമായി ഏറ്റെടുക്കുകയായിരുന്നു. എന്നിട്ടാണ് അനധികൃതമായി അനുമതി നല്‍കിയിരിക്കുന്നത്. തീരദേശ സംരക്ഷണ സമിതിയുടെയും പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെയും നെല്‍വയല്‍ സംരക്ഷണ ജില്ലാ കമ്മിറ്റിയുടെയും ലാന്‍ഡ് യൂട്ടിലൈസേഷന്‍ വിഭാഗത്തിന്റെയും പരിസ്ഥിതി, വനം വകുപ്പിന്റെയും നിയമങ്ങളെ പാടെ അവഗണിച്ച് അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയിരിക്കുന്നുവെന്നാണ് 2013 മാര്‍ച്ച് മാസം അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ സി എ ജി റിപോര്‍ട്ട്. ഇത് നിയമസഭയില്‍ വെച്ചിരിക്കുകയാണ്.
റിപോര്‍ട്ട് അനുസരിച്ച് കൊച്ചി കോര്‍പറേഷനിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടന്നിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി ഹെറിറ്റേജ് സോണില്‍ പെടുന്ന ഫോര്‍ട്ട് കൊച്ചിയില്‍ പോലും ആര്‍ട്ട് ആന്‍ഡ് ഹെറിറ്റേജ് കമ്മീഷനുമായി ബന്ധപ്പെടാതെ നിര്‍മാണാനുമതികള്‍ വ്യാപകമായി നല്‍കിയതായാണ് കണ്ടെത്തല്‍. കൊച്ചി കായലില്‍ നിന്ന് കേവലം 7.2 മീറ്റര്‍ മാത്രം വിട്ട് ഫഌറ്റുകള്‍, ഹോട്ടലുകള്‍, മറ്റു നിര്‍മിതികള്‍ എന്നിവ പണിതിതിരിക്കുന്നു. നൂറ് മീറ്റര്‍ വിട്ട് മാത്രം നിര്‍മാണം നടത്തണമെന്നാണ് നിയമം. 13 നിലകള്‍ക്ക് മാത്രം അനുമതി നല്‍കിയ ഒരു ഹോട്ടല്‍ 14 നിലയെടുത്തു എന്ന് മാത്രമല്ല, 2009 മുതല്‍ ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റില്ലാതെ താമസവും പ്രവൃത്തനവും തുടങ്ങിയിരിക്കുന്നു.
കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ എറണാകുളം പാര്‍ക്കിനടുത്തുള്ള റവന്യൂ ടവറിന് അനുവദിച്ചതിലധികം നിലകള്‍ പൊളിച്ചുനീക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിരുന്നെങ്കിലും കോര്‍പറേഷന്‍ പരിഗണിച്ചിട്ടില്ല. എറണാകുളം ജില്ലയിലെ ആലുവ, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, മരട്, പെരുമ്പാവൂര്‍, തൃക്കാക്കര, തൃപ്പൂണിത്തറ മുനിസിപ്പാലിറ്റികളില്‍ തീരദേശ സംരക്ഷണ നിയമത്തില്‍ നിന്ന് വ്യതിചലിച്ചും നിയമലംഘനം നടത്തിയും അഴിമതിയിലൂടെയും കെട്ടിട നിര്‍മാണം നടത്തിയതായി വിജിലന്‍സ് ആന്‍ഡ്ആന്റികറപ്ഷന്‍ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. പൊതു സ്ഥലങ്ങളും തോടുകളും തീരങ്ങളും കൈയേറിയ പാര്‍ക്ക് നിര്‍മിച്ചും പാര്‍ക്കിംഗ് ഏരിയ നിര്‍മിച്ചും പല ഫഌറ്റുകളും മുന്നോട്ട് പോകുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ വിഭാഗവും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. വികസനത്തിന്റെ പേര് പറഞ്ഞ് അനധികൃത ഇളവുകള്‍ നല്‍കി വന്‍തുക കോഴ കൈപ്പറ്റുന്നതായി സി എ ജിയും വിജിലന്‍സും അവയുടെ റിപോര്‍ട്ടില്‍ പറയുന്നു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല സമിതിയെ കെട്ടിട നിര്‍മാണ അനുമതി നടപടിക്രമങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നു. ഇത്തരം ജില്ലാ സമിതികള്‍ക്ക് തീരദേശ പരിപാലന നിയമം അനുശാസിക്കുന്ന വ്യവസ്ഥകള്‍ പരിശോധിക്കാനുള്ള അവസരം പോലും തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്നില്ല. ഇത് സംബന്ധിച്ച് 2014 മാര്‍ച്ച് ഏഴാം തീയതി ഇറങ്ങിയ ഉത്തരവ് പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കണ്ടിട്ടുപോലുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
പരിസ്ഥിതി ക്ലിയറന്‍സ് സംബന്ധിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2012 ഡിസംബര്‍ 12ലെ ഓഫീസ് മെമ്മോറാണ്ടം മിക്കവാറും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ജനപ്രതിനിധികളും കണക്കിലെടുക്കുന്നുപോലുമില്ല. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ നിയമലംഘനം ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതിയാണെന്ന് പറഞ്ഞ് തടിതപ്പുകയാണ്. ഇത് നിരുത്തരവാദപരമായ സമീപനമാണ്.
തദ്ദേശ ഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ നിലവില്‍ വന്നത്. ഇവയെല്ലാം ഉദ്യോഗസ്ഥ തന്‍പ്രമാണിത്വത്തിന് വിട്ടുകൊടുത്ത് ജനങ്ങളുടെ നന്മ ലാക്കാക്കിയുള്ള സല്‍ഭരണം നടത്താതെ ജനപ്രതിനിധികള്‍ ആ സ്ഥാനത്തിരിക്കുന്നത് ജനാധിപത്യധ്വംസനമാണ്. ഭരണത്തിന്റെ കെടുകാര്യസ്ഥത മൂലം ഖജനാവിനുണ്ടാകുന്ന നഷ്ടത്തിന്റെ കെടുകാര്യസ്ഥത മൂലം ഖജനാവിനുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്വം ജനപ്രതിനിധികള്‍ക്ക് കൂടി വരേണ്ടതാണ്. അവരില്‍ നിന്നും നഷ്ടം ഈടാക്കാന്‍ സി എ ജി തയ്യാറാകണം. ഇവിടെ തങ്ങളുടെ ഉപജീവനത്തിനായി കടലിനെയും കായലിനെയും പുഴയെയും ആശ്രയിക്കുന്ന രാജ്യത്തെ ലക്ഷോപലക്ഷം മത്സ്യത്തൊഴിലാളികളുടെയും പ്രാദേശിക സമൂഹങ്ങളുടെയും സുരക്ഷിത ജീവിതമാര്‍ഗമാണ് തീരദേശ നിയമലംഘനങ്ങളിലൂടെ തടസ്സപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ കര്‍ക്കശ നിയമനടപടികള്‍ വേണം. അന്വേഷണ റിപോര്‍ട്ടുകള്‍ക്ക് ഒരു ദിവസത്തെ വാര്‍ത്താപ്രാധന്യമേ ഉണ്ടാകൂ. എന്നാല്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ അങ്ങനെയായിക്കൂടാ. ആഗോള താപനം മൂലമുള്ള സമുദ്ര നിരപ്പിലെ ഉയര്‍ച്ചയെ പ്രതിരോധിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും തീരദേശ പരിപാലന നിയമം പാലിക്കപ്പെടണം. നിയമലംഘനങ്ങള്‍ക്കെതിരെ 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ (1),(3) വകുപ്പ് പ്രകാരവും കേരള മുനിസിപ്പല്‍ ആക്ട് 1994(20/1994) പ്രകാരവും മറ്റു നിയമലംഘന ചട്ടങ്ങള്‍ പ്രകാരവും കേസെടുത്ത് നടപടികള്‍ സ്വീകരിക്കണം. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

 

Latest